platform

ചെങ്ങന്നൂർ: മണ്ണിടിച്ചിലിനെ തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ ചുറ്റുമതിലും പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗവും ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. 10 മീറ്ററോളം നീളത്തിൽ മതിലും ഒന്നാം പ്ലാറ്റ്‌ഫോമിന്റെ തറയും തകർന്നു. ഈ സമയം ട്രെയിനുകളൊന്നും എത്താതിരുന്നതും യാത്രക്കാർ ഈ ഭാഗത്ത് ഇല്ലാതിരുന്നതും അപകടം ഒഴിവാകുന്നതിന് കാരണമായി. ശുചിമുറി സമുച്ചയത്തിന്റെ നിർമാണത്തിനായി മണ്ണുമാന്തി ഉപയോഗിച്ചു കുഴിയെടുത്തിരുന്നു. ഇതാകാം മണ്ണിടിച്ചിലിന് കാരണമെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. തകർന്ന ഭാഗത്തു ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കിയതായും ഇന്നു തന്നെ അറ്റകുറ്റപ്പണി നടത്തുമെന്നും റെയിൽവേ സൂപ്രണ്ട് വർഗീസ് കുരുവിള പറഞ്ഞു.