ചെങ്ങന്നൂർ: കളികളിലൂടെ കണക്കിനോട് കൂട്ടുകൂടാൻ പഠിപ്പിച്ച് ഉല്ലാസഗണിതം. ഒന്നാം ക്ലാസിൽ തന്നെ കണക്കിലെ അടിസ്ഥാനശേഷികൾ ഉറപ്പിച്ച് ഗണിതപഠനം രസകരമാക്കുന്നതിന് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഉല്ലാസഗണിതം.പദ്ധതിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ബിന്ദു സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ രജനീഷ് ഡി.എം, വിൻസെന്റ് കെ ജി, എച്ച് എം ഫോറം സെക്രട്ടറി ഉമാറാണി കെ.എൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ ഉല്ലാസഗണിതം പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും അതിലൂടെ കുട്ടികൾ ആർജ്ജിക്കേണ്ട പഠന നേട്ടങ്ങളെക്കുറിച്ചും രക്ഷകർത്താക്കളുമായി സംവദിച്ചു. തുടർന്ന് വിവിധ ക്ലാസുകളിലെ കുട്ടികളുടെ ഗണിതപരിപാടികളുടെ അവതരണം നടന്നു.സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എ.സിദ്ധിഖ് സ്വാഗതവും ചെങ്ങന്നൂർ ഗവ.യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ആർ. സുരേഷ് കുമാർ കൃതജ്ഞതയും പറഞ്ഞു.