തിരുവല്ല: മഴയൊന്നു കനത്താൽ പിന്നെ തിരക്കേറെയുള്ള കാവുംഭാഗം ജംഗ്‌ഷനിലെ സ്ഥിതി ഇതാണ്. ഒഴിയാബാധപോലെ വെള്ളക്കെട്ടിന്റെ ദുരിതത്തിൽ മുങ്ങും കവലയാകെ. യാത്രക്കാർ പിന്നെ മുട്ടറ്റം വെള്ളത്തിൽ നീന്തിയാണ് യാത്ര. ഇവിടുത്തെ ടാക്‌സികളും മറ്റു വാഹനങ്ങളുമെല്ലാം വെള്ളക്കെട്ടിൽ അകപ്പെടും. വാഹനങ്ങൾ വെള്ളത്തിലൂടെ വേഗത്തിൽ പോകുമ്പോൾ യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. ജംഗ്ഷനിലെ കച്ചവടക്കാരും ഇതോടെ ദുരിതത്തിലാകും. നിരവധി റോഡുകൾ സംഗമിക്കുന്ന കാവുംഭാഗത്ത് വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിന് ഇനിയും പരിഹാരമുണ്ടായിട്ടില്ല. നാട്ടുകാരും ടാക്സി ഡ്രൈവർമാരുമൊക്കെ പരാതികളും പ്രതിഷേധങ്ങളുമൊക്കെ ഉയർത്തിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

ചെളിമൂടിയ ഓടകൾ

കാവുംഭാഗത്ത് റോഡുകളുടെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന ഓടകളെല്ലാം അടഞ്ഞതാണ് ജംഗ്‌ഷനിൽ വെള്ളക്കെട്ട് രൂപപ്പെടാൻ പ്രധാന കാരണം. ഓടയുണ്ടായിരുന്ന ചില ഭാഗങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറിയതും കാവുംഭാഗത്തെ വെള്ളക്കെട്ടിന്റെ രൂക്ഷത കൂട്ടി. ജംഗ്‌ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തുകൂടി ദേവസ്വം ബോർഡ് സ്‌കൂളിന് സമീപത്തേക്ക് വെള്ളം ഒഴുകിയിരുന്ന ഓടയിൽ ചെളി നിറഞ്ഞു മൂടിയിരിക്കുകയാണ്. പ്രളയജലത്തിൽ ഒഴുകിയെത്തിയ മണ്ണടിഞ്ഞു പെരിങ്ങര റോഡിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന ഓടകളും മൂടിപ്പോയ നിലയിലാണ്.

പ്രതീക്ഷ റോഡ് നിർമ്മാണത്തിൽ
കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് വീതികൂട്ടി പുനർ നിർമ്മിക്കുമ്പോൾ ഓടകളും ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. റോഡിന്റെ വീതി കൂട്ടുന്ന നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. ജംഗ്‌ഷന്‌ സമീപത്തെ വളവുകളും വികസിക്കുന്നതോടെ മഴവെള്ളം ഓടകളിലൂടെ ഒഴുകിമാറുമെന്നാണ് അധികൃതർ പറയുന്നത്.


കാവുംഭാഗം ജംഗ്‌ഷന്‌ സമീപത്തെ ഓടകൾ ശുചീകരിക്കാറില്ല. മാലിന്യങ്ങളും ചെളിയും നിറഞ്ഞു കിടക്കുന്ന ഓടകൾ ശുചീകരിക്കാൻ നടപടിയുണ്ടാകണം

ജയശ്രീ
(യാത്രക്കാരി)

-യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നത് പതിവ്

-കച്ചവടക്കാർ ദുരിതത്തിൽ

-വെള്ളക്കെട്ടിന് പ്രധാന കാരണം ഓടകൾ മൂടിയത്