ചെങ്ങന്നൂർ: 98വർഷം പഴക്കമുളള ഇറപ്പുഴ മുത്തശിപ്പാലം മൂന്നുഘട്ടമായി എന്റെ കല്ലിശേരി വാട്സ് ആപ്പ് കൂട്ടായ്മ നവീകരിക്കും. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ടുഘട്ട പ്രവർത്തനങ്ങൾ നടത്തി. ഇറപ്പുഴയിൽ വീതിയേറിയ പുതിയ പാലത്തിന്റെ ഉദ്ഘാടനം നടന്നതോടെയാണ് പഴയപാലം കാടുകയറിയും മാലിന്യങ്ങൾ നിറഞ്ഞും വൃത്തിഹീനമായത്. ഇതോടെ പാലം സംരക്ഷിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായത്.
ആനയെ നടത്തി പരീക്ഷണം നടത്തിയ ആദ്യത്തെ സിമിന്റ് പാലം
ചെങ്ങന്നൂർ ബ്രിഡ്ജ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇറപ്പുഴപ്പാലം തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ രാമവർമ്മയുടെ 36ാം ഭരണ വാർഷികത്തിലാണ് പൂർത്തിയാക്കിയത്. 1885 മുതൽ 1924 വരെയാണ് രാമവർമ്മരാജ തിരുവിതാംകൂർ ഭരിച്ചത്. പഴക്കമുണ്ടെങ്കിലും പാലത്തിന്റെ ഉറപ്പിന് ഇപ്പോഴും കോട്ടവുമില്ല. തിരുവിതാംകൂർ രാജ്യത്തെ ആദ്യ സിമന്റ്പാലമെന്ന ബഹുമതി ഇറപ്പുഴയ്ക്ക് സ്വന്തമാണ്.ആർച്ച് മാതൃകയിലുള്ള തൂണുകൾ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ പാലവും ഇതു തന്നെ. മോർളി എന്ന ബ്രിട്ടീഷ് എൻജിനിയറാണ് പാലം രൂപകൽപന ചെയ്തത്. പാലത്തിന്റെ ഉറപ്പ് നാട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ സായിപ്പ് ഭാര്യയെയും മക്കളെയും തോണിയിൽ പാലത്തിനു അടിയിൽ നിറുത്തി ആനകളെ പാലത്തിലൂടെ നടത്തിയിരുന്നു.
പെയിന്റിംഗ് നടത്തി മനോഹരമാക്കും അലങ്കാരചെടികൾ വെയ്ക്കും
പാലത്തിനു താഴെയ്ക്കു പടർന്നു കിടന്ന കാടുകൾ വെട്ടിമാറ്റുകയും പാലത്തിൽ അടിഞ്ഞു കൂടിയ മണ്ണ് വാരിമാറ്റുകയും ചെയ്തു. കൈവരികൾ പ്രഷർ പമ്പുകൾ ഉപയോഗിച്ചു വൃത്തിയാക്കി. വാഹനമിടിച്ചു തകർന്നതുൾപ്പെടെയുള്ള കൽക്കെട്ടുകൾ പൂർവസ്ഥിതിയിലാക്കി. മൂന്നാം ഘട്ടത്തിൽ പാലം പൂർണമായും പെയിന്റ് ചെയ്ത് വൃത്തിയാക്കിയ ശേഷം അലങ്കാര ചെടികൾ നട്ട് മനോഹരമാക്കാനാണ് പദ്ധതിയെന്ന് പ്രസിഡന്റ് സജി വർഗീസ് സെക്രട്ടറി ബിനു മോൻ പി.എസ്, ട്രഷറർ സോബിൻ തോമസ് ഗ്രൂപ്പ് അംഗങ്ങളായ മോഹൻകുമാർ, സുമേഷ്, ദീപു എന്നിവർ പറഞ്ഞു.
4 സി.സി.ടി.വി കാമറകളും സ്ഥാപിക്കും. ഇതിനായി ഒരുലക്ഷം രൂപയാണ് ചെലവ്. കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നുതന്നെയാണ് കണ്ടെത്തുന്നത്.
സജി വർഗീസ്
(പ്രസിഡന്റ്)
-98 വർഷം പഴക്കമുള്ള പാലം
-ആദ്യത്തെ സിമന്റ് പാലം
-വീതിയേറിയ പുതിയ പാലം വന്നതോടെ ഇറപ്പുഴ പാലം വൃത്തിഹീനമായി