മുതുപേഴുങ്കൽ: തിരഞ്ഞെടുപ്പിന്റെ ആവേശത്തിലല്ല മുതുപേഴുങ്കലിലെ തൊഴിലുറപ്പ് തൊഴിലാളികൾ. വോട്ടഭ്യർത്ഥിച്ച് എത്തുന്ന സ്ഥാനാർത്ഥികളോട് പറയാൻ പരാതികളേറെയുണ്ടുതാനും. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിലാണ് മുതുപേഴുങ്കൽ.

രാധപ്പടി ജംഗ്ഷനു സമീപം റബർ തോട്ടത്തിൽ മഴക്കുഴികൾ നിർമ്മിക്കുകയാണ് അവർ. ഉഷയുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചോളം സ്ത്രീകളുണ്ട്., അടിസ്ഥാന വികസനം തങ്ങളുടെ ഗ്രാമത്തിൽ ഇനിയും എത്തിയിട്ടില്ലെന്നാണ് അവരുടെ പ്രധാന പരാതി. ചൂരക്കുന്ന് കോളനിയിലും ഊരാളി കോളനിയിലും വർഷത്തിൽ പകുതി മാസവും കുടിവെള്ള ക്ഷാമം രൂക്ഷമാണ്, പല ഗ്രാമസഭകളിലും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തീരുമാനമെടുത്തെങ്കിലും നടപടിയുണ്ടായില്ല. കൊല്ലൻപടി ​ അതിരുങ്കൽ റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തെങ്കിലും മിക്ക പഞ്ചായത്ത് റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പലയിടത്തും വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. സ്വന്തമായി വീടില്ലാത്ത സുജാത, വാസന്തി, കുട്ടി എന്നിവർക്ക് പറയാൻ പരാതികളേറെയുണ്ട്. വീട് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് അധികൃതർക്ക് പല തവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല..

മുതുപേഴുങ്കൽ തുണ്ടിയിൽ വീട്ടിൽ സുജാത 15 വർഷമായി വാടക വീട്ടിലാണ് താമസം. എം. കോമിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകാൻ പല തവണ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല.

തൊഴിലുറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യമുണ്ട്. വർഷത്തിൽ 150 ദിവസം ജോലി ഉറപ്പാക്കണം. രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയുള്ള ജോലി സമയം വൈകിട്ട് 4 മണി വരെയാക്കണം