കോന്നി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണത്തിന്റെ മേൽനോട്ടം മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി.ജെ.കുര്യനാണ്. പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ യു.ഡി.എഫിന് അനുകൂലമാണ് കോന്നിയിലെ അന്തരീക്ഷമെന്ന് അദ്ദേഹം വിലയിരുത്തുന്നു. കേരളകൗമുദിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:

? കോന്നിയിലെ അനുകൂല സാഹചര്യം.

യു.ഡി.എഫ് സ്ഥാനാർത്ഥി സർവ്വ സമ്മതനായതാണ് ഏറ്റവും അനുകൂല സാഹചര്യം. പി.മോഹൻരാജിനെപ്പറ്റി ആർക്കും എതിരഭിപ്രായമില്ല. രാഷ്ട്രീയ പാരമ്പര്യമുളളയാളും കോൺഗ്രസിന്റെ മുതിർന്ന നേതാവുമാണ്. അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എമ്മും വർഗീയതയും ഫാസിസവും വളർത്തുന്ന ബി.ജെ.പിയും മതസൗഹാർദ്ദവും സമാധാന ജീവിതവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസും തമ്മിലാണ് മത്സരം. കോൺഗ്രസിന്റെ നിലപാടുകളെ ജനം സ്വീകരിക്കും. എൻ.എസ്.എസ് പോലുളള സമുദായ സംഘടനകളുടെ നിലപാടും യു.ഡി.എഫിന് അനുകൂലമാകും.

? എൽ.ഡി.എഫിനെതിരായ ഘടകങ്ങൾ

എൽ.ഡി.എഫ് സർക്കാരിന്റെ ഭരണപരാജയം. ഒരു നേട്ടവും പറയാനില്ല അവർക്ക്. കൊലപാതക രാഷ്ട്രീയം, പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷാ തട്ടിപ്പുകൾ തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനെതിരെ ജനരോഷം നിലനിൽക്കുകയാണ്.

? കോന്നിയുടെ വികസനം

കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങൾക്കും മാതൃകയാണ് കോന്നിയിലെ വികസനം. ഇതിന്റെ മുഴുവൻ ക്രെഡിറ്റും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനും കോന്നിയിലെ എം.എൽ.എയും മന്ത്രിയുമൊക്കെയായിരുന്ന അടൂർ പ്രകാശിനുമാണ്. കേവലം കുഗ്രാമമായിരുന്ന കോന്നിയെ അദ്ദേഹം പട്ടണസമാനമാക്കി. ഇതിന് അടൂർ പ്രകാശിനോട് കോന്നിയിലെ ജനങ്ങൾ കടപ്പെട്ടിരിക്കുന്നു.

?അടൂർ പ്രകാശിന്റെ പിണക്കം.

പി.മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയ ശേഷം യു.ഡി.എഫ് ഒറ്റക്കെട്ടാണ്. അടൂർ പ്രകാശ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നയിക്കുന്നു. അടൂർ പ്രകാശിനെ കോന്നിയിലെ ജനങ്ങൾക്ക് മറക്കാൻ കഴിയില്ല. അദ്ദേഹം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാണ് പി.മോഹൻരാജ് സ്ഥാനാർത്ഥിയായത്. ഡി.സി.സിയുടെ പൂർണ പിന്തുണ മോഹൻരാജിനുണ്ട്. യാതൊരു അപസ്വരവുമില്ലാതെയാണ് പ്രചാരണം മുന്നോട്ടുപാേകുന്നത്.

? ശബരിമല വീണ്ടും സ്വാധീനമുണ്ടാക്കുമോ

പിണറായി സർക്കാർ വിശ്വാസികളുടെ മനസിലുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായ നിലപാടിൽ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. വിശ്വാസികൾക്കു വേണ്ടി സമാധാനപരമായ സമരം നടത്തിയത് യു.ഡി.എഫാണ്. ശബരിമല പ്രശ്നത്തെ ബി.ജെ.പി കേവലം വോട്ടുബാങ്കിനുളള ഉപാധി മാത്രമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇൗ പ്രശ്നം ഉയത്തിക്കാട്ടി ബി.ജെ.പി വോട്ടു നേടി. ബി.ജെ.പിയു‌ടെ യഥാർത്ഥ മുഖം മനസിലാക്കിയ ജനങ്ങൾ ഇത്തവണ അവരെ കൈവിടും. ഒരു ഒാർഡനൻസ് കൊണ്ടോ ബിൽ കൊണ്ടുവന്നോ മണിക്കൂറുകൾക്കകം ശബരിമല പ്രശ്നം കേന്ദ്ര സർക്കാരിന് പരിഹരിക്കാമായിരുന്നു. എന്നാൽ, പ്രശ്നം പരിഹരിക്കാതെ നിലനിറുത്തുകയെന്നതാണ് ബി.ജെ.പിയുടെ സ്ഥാപിത താൽപ്പര്യം.

? ത്രികോണപ്പോരാട്ടമാണോ നടക്കുന്നത്

എൻ.ഡി.എ വെല്ലുവിളി അല്ല. മോഹൻരാജിന്റെ ഭൂരിപക്ഷം അടൂർ പ്രകാശ് കഴിഞ്ഞ തവണ നേടിയ ഇരുപതിനായിരം വോട്ടിനേക്കാൾ വർദ്ധിക്കും.

............

സാം ചെമ്പകത്തിൽ