പത്തനംതിട്ട : അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 165 ാം വാർഷികം ആദിയർ ജനതയുടെ സ്വാതന്ത്യദിനമായി പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ.ഡി.എസ്) സംസ്ഥാനതലത്തിൽ 16ന് പത്തനംതിട്ടയിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച് കൊല്ലവർഷം 1030ലാണ് മഹാരാജാവ് വിളംബരം നടത്തിയത്.
അടിമസ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന, സെമിനാർ, അടിമ വിമോചന വിളംബര സന്ദേശയാത്ര, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ നടത്തും. 16ന് രാവിലെ 8ന് സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റ് നിർവഹിക്കും. സമ്മേളന സ്ഥലമായ പത്തനംതിട്ട മുനിസിപ്പൽ മിനി സ്റ്റേജിൽ തയ്യാറാക്കിയ അടിമസ്മാരക സ്തംഭത്തിൽ രാവിലെ 9.45ന് ഗുരുകുല ശ്രേഷ്ഠൻ ഇ.ടി. രാമൻ പുഷ്പാർച്ചന നടത്തും. 10ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ചർച്ച് ഹാളിൽ നടക്കുന്ന സെമിനാർ പി.ആർ.ഡി.എസ്. വൈസ് പ്രസിഡന്റ് എം. പൊന്നമ്മ ഉദ്ഘാടനം ചെയ്യും. വി.വി. സ്വാമി പ്രബന്ധം അവതരിപ്പിക്കും. വൈകീട്ട് 3 ന് സാംസ്‌കാരിക ഘോഷയാത്ര. വൈ. സദാശിവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. കെ. രാജു മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയാകും. അവകാശ പ്രഖ്യാപനം സഭാ ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പനും ആദിയർ ദീപം വിശേഷാൽ പതിപ്പ് പ്രകാശനം ആന്റോ ആന്റണി എം.പിയും വെബ്‌സൈറ്റ് ഉദ്ഘാടനം വീണാജോർജ്ജ് എം.എൽ.എയും. നിർവഹിക്കും.
വാർത്തസമ്മേളനത്തിൽ വൈ. സദാശിവൻ, ജനറൽ സെക്രട്ടറിമാരായ സി.സി.കുട്ടപ്പൻ,ചന്ദ്രബാബു കൈനകരി, ട്രഷറർ കെ. മോഹനൻ, ജോയിന്റ് സെക്രട്ടറി കെ.ടി. വിജയൻ, മീഡിയാ കൺവീനർ വി.കെ. ചെല്ലകുമാർ, ആർ.ആർ.വിശ്വകുമാർ എന്നിവർ പെങ്കടുത്തു.