vellakkett
പെരിങ്ങരയിലെ വെള്ളക്കെട്ട് പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധി സംഘം നടത്തിയ സന്ദർശനം

തിരുവല്ല: പെരിങ്ങരയിലെ വെള്ളക്കെട്ടിന് ജനകീയ കൂട്ടായ്മയിലൂടെ പരിഹാര മാർഗം തെളിയുന്നു. പെരിങ്ങര കൃഷ്ണപാദം റോഡിൽ കൃഷ്ണപാദം പാലം വരെയുള്ള ഇരുവശത്തെയും ഭൂമി ഉടമകൾ ഓട നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകാമെന്ന് ജനപ്രതിനിധി സംഘത്തിന് ഉറപ്പു നൽകി. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ കുര്യൻ എന്നിവരടങ്ങുന്ന ജനപ്രതിനിധി സംഘം നടത്തിയ സന്ദർശനത്തിലാണ് പ്രശ്നപരിഹാരത്തിന് സാദ്ധ്യത തെളിഞ്ഞത്. കൃഷ്ണപാദം റോഡിൽ പെരിങ്ങര ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പെരിങ്ങര തോട്ടിലേക്ക് ഓട നിർമ്മിക്കാനായി പൊതുമരാമത്ത് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ റോഡിന്റെ വീതിക്കുറവായിരുന്നു പ്രധാന പ്രശ്നം. ഇതിന്റെ ഭാഗമായാണ് റോഡിന്റെ ഇരുവശവുമുള്ള വീടുകളിൽ ജനപ്രതിനിധി സംഘം സന്ദർശനം നടത്തിയത്. ഓട നിർമ്മാണത്തിന്റെ ഭാഗമായി മാത്യു ടി.തോമസ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ മറ്റ് ജനപ്രതിനിധികളെയും പൊതുമരാമത്ത് ഉദ്യോസ്ഥരെയും പ്രദേശവാസികളെയും ഉൾക്കൊള്ളിച്ചുള്ള യോഗം ഈ മാസം അവസാനം പഞ്ചായത്ത് ഓഫീസിൽ വിളിക്കാനും തീരുമാനമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ വർഗീസ്, പഞ്ചായത്തംഗങ്ങളായ പി.ജി പ്രകാശ്, എൻ.എം ഷിബു, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.രവീന്ദ്രനാഥ്, എ.ചന്ദ്രദാസ്, ആർ.ഭാസി എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

വാച്ചാലുകളും വീണ്ടെടുക്കും
മാതകത്തിൽ പടി മുതൽ മാണിക്കത്തകിടി പാടശേഖരം വരെയുള്ള ഭാഗത്ത് റോഡുകൾക്ക് കുറുകെയുള്ളത് ഉൾപ്പെടെയുള്ള തൂമ്പുകളും വാച്ചാലുകളും വീണ്ടെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പടിയിലടക്കം 10, 11, 12 വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമാകുന്ന തരത്തിൽ അടച്ചുകെട്ടിയിരുന്ന വാച്ചാലുകൾ പുനസ്ഥാപിക്കുന്നതിനും സ്വകാര്യ വ്യക്തികൾ സമ്മതം അറിയിച്ചിട്ടുണ്ട്.