കോന്നി: ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ, പൊതുയോഗങ്ങൾ കുറച്ച് കുടുംബയോഗങ്ങളിൽ ആളുകളെ കൂട്ടി മൂന്ന് മുന്നണികളും പ്രചാരണത്തിന് ആക്കം കൂട്ടി. സ്ഥാനാർത്ഥികൾ മണ്ഡല പര്യടനങ്ങളുമായി മുന്നേറുമ്പോൾ കുടുംബയോഗങ്ങൾക്ക് പ്രധാന്യം നൽകി പരമാവധി വോട്ടർമാരെ കാണുകയാണ് നേതാക്കൾ.

യു.ഡി.എഫിനു വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമ്യ ഹരിദാസ് എം.പി, വി.ടി.ബലറാം എം.എൽ, എ തുടങ്ങിയവരാണ് ഇന്നലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തത്. എൽ.ഡി.എഫിനു വേണ്ടി മന്ത്രിമാരായ എം.എം.മണി, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ ടീച്ചർ, എം.എൽ.എമാരായ വീണാജോർജ്, എെഷാപോറ്റി, ഗണേഷ്കുമാർ തുടങ്ങിയവർ കുടുംബയോഗങ്ങളിൽ പ്രസംഗിച്ചു.

എൻ.ഡി.എയ്ക്ക് വേണ്ടി നടൻ സുരേഷ് ഗോപി എം.പി, സംവിധായകൻ രാജസേനൻ, മുൻ എം.പി എ.പി അബ്ദുളളക്കുട്ടി, ജി.രാമൻ നായർ തുടങ്ങിയ നേതാക്കൾ കുടുംബയാേഗങ്ങളിൽ പങ്കെടുക്കുന്നു. ബൂത്ത്, പഞ്ചായത്ത് തലങ്ങളിലാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നത്. മൂന്ന് മുന്നണികളുടെയും സംസ്ഥാന ഭാരവാഹികളാണ് പഞ്ചായത്ത് തലങ്ങളിൽ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നത്. മഴയിൽ കുതിരാതെ ആവേശം നിലനിറുത്താൻ സ്ഥാനാർത്ഥികൾക്ക് വേണ്ടി കലാസംഘങ്ങളും തെരുവ് നാടക ട്രൂപ്പുകളും മണ്ഡലത്തിൽ പര്യടനം നടത്തുന്നു. പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ സ്ഥാനാർത്ഥികളുടെ വ്യതസ്ത ബോർഡുകൾ സ്ഥാപിക്കാൻ കവലകളിൽ മത്സരമേറിയിട്ടുണ്ട്.