ചെങ്ങന്നൂർ: രണ്ടു മാസമായി കൂലി നൽകാത്തതിനെ തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികൾ പണിമുടക്കാരംഭിച്ചു. ഇതോടെ റെയിൽവെ സ്‌റ്റേഷനിലെ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായി. മൂന്ന് ഷിഫ്റ്റുകളിലായി 24 തൊഴിലാളികളാണ് കരാർ അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 23 പേരും സ്ത്രീ തൊഴിലാളികളാണ്. കരാറുകാരൻ കൂലി നൽകാതായതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായി. ഇതേ തുടർന്നാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്. ശുചീകരണം കരാർ ഏറ്റെടുത്തിരിക്കുന്ന സ്വകാര്യ വ്യക്തിയാണ് ശമ്പളം നൽകേണ്ടതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ ഇയാൾ കരാർ ഏറ്റെടുക്കാതെ സ്ഥലംവിട്ടെന്നാണ് അന്വഷിച്ചപ്പോൾ ലഭിക്കുന്ന വിവരം. ഉടൻ തന്നെ ശമ്പളം കിട്ടിയില്ലെങ്കിൽ ഉപവാസം അടക്കമുള്ള സമരമുറകൾ സ്വീകരിക്കും. പലതവണ പരാതി പറഞ്ഞിട്ടും അധികാരികൾക്ക് അനക്കമില്ലാത്തതാണ് സമരത്തിലേക്ക് കടന്നതെന്ന് ശുചീകരണ തൊഴിലാളിയും ബി.എം.എസ്. റെയിൽവേ യൂണിറ്റ് സെക്രട്ടറിയുമായി ശ്യാമള വിജയൻ പറഞ്ഞു. ശമ്പളം കിട്ടാതെ നാളുകളായിട്ടും സ്ഥലം എം.പിയോ മറ്റ് ജനപ്രതിനിധികളോ വിഷയത്തിൽ ഇടപെട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. കരാറുകാരൻ പണി ഉപേക്ഷിച്ച് പോയെങ്കിൽ മറ്റ് മാർഗ്ഗം സ്വീകരിക്കാൻ താമസിക്കുന്നതെന്തിനെന്നാണ് ഇവരുടെ ചോദ്യം.