കോന്നി: ഉപതിരഞ്ഞെടുപ്പിൽ അഞ്ചിടത്തും പാല ആവർത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നര വർഷത്തെ ഇടതു മുന്നണി ഭരണത്തെ വിലയിരുത്തിയാവും ജനം വോട്ട് ചെയ്യുക. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും , തദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയായിരുന്നു മേൽക്കൈ നേടിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ബാർ, സോളാർ, ടൈറ്റാനിയം, പാലാരിവട്ടം പാലം തുടങ്ങി അഴിമതിയിൽ മുങ്ങിയ സർക്കാരായിരുന്നു. മത ന്യൂനപക്ഷങ്ങളെ രാജ്യത്ത് ആർ.എസ്.എസ് വേട്ടയാടുന്നു, ആൾകൂട്ട കൊലപാതകങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നു. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ കോർപ്പറേറ്റുകളെ സഹായിക്കുന്നു. രാജ്യത്തെ കാർഷിക മേഖല തകർന്നു. കോന്നിയിൽ റബ്ബർ കർഷകർ പ്രതിസന്ധി നേരിടുന്നു. കേരളത്തിൽ സുരക്ഷിതമായി ജീവിക്കാൻ ഇടതുസർക്കാർ ആവശ്യമാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടന്നും കോടിയേരി പറഞ്ഞു . സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ആർ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. എ.നൗഷാദ് എം.എൽ എ, ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ് തുടങ്ങിയവർ സംസാരിച്ചു.