പത്തനംതിട്ട : കോന്നി ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഇനി ഏഴ് നാൾ ബാക്കി. ഉച്ചയ്ക്കത്തെ കടുത്ത വെയിലിലും വൈകിട്ടത്തെ കനത്ത മഴയിലും ആവേശം കെടാതെ പ്രചാരണ തിരക്കിലാണ് അണികളും സ്ഥാനാർത്ഥികളും. മൂന്ന് പാർട്ടികളുടെയും പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിൽ പൊതുസമ്മേളനങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കുകയാണ്. മന്ത്രിമാർ അടക്കം സജീവമായി രംഗത്തുണ്ട് എന്നതാണ് ശ്രദ്ധേയം. കോന്നി മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിൽ ആറെണ്ണം ഭരിക്കുന്നത് യു.ഡി.എഫും അഞ്ചെണ്ണം എൽ.ഡി.എഫുമാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫ് ലീഡ് നേടിയപ്പോൾ നാല് പഞ്ചായത്തുകളിൽ ലീഡ് നേടിയത് എൻ.ഡി.എ ആണ്. വള്ളിക്കോട്, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് എൻ.ഡി.എ ലീഡ് നേടിയത്. ഇതാണ് എൻ.ഡി.എയുടെ വിജയ പ്രതീക്ഷ. പാലാ വിജയം ആവർത്തിയ്ക്കാമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിന്. യു.ഡി.എഫ് ആകട്ടെ മണ്ഡലം നിലനിറുത്തുമെന്ന വിശ്വാസത്തിലും.

ഇതുവരെ എല്ലാ പഞ്ചായത്തിലും ഒന്നാം ഘട്ട പര്യടനം മൂന്ന് പാർട്ടികളും പൂർത്തിയാക്കി കഴിഞ്ഞു. രണ്ടാം ഘട്ട പര്യടനം 18ന് അവസാനിക്കും. 19ന് കലാശക്കൊട്ടോടെ പ്രചരണ പരിപാടികൾ അവസാനിക്കും. 20ന് മൗന പ്രചരണമാണ്. 21 ന് കോന്നിയിൽ ആര് വാഴണമെന്ന് ജനങ്ങൾ തീരുമാനിക്കും.