stadi
സ്റ്റേഡിയത്തിനായി വാങ്ങിയ സ്ഥലം കാടുപിടിച്ച് കിടക്കുന്നു.

അടൂർ: നഗരത്തിലെ കായിക പ്രേമികൾക്ക് തങ്ങളുടെ കായിക കരുത്ത് വികസിപ്പിക്കാൻ ഒരു സ്റ്റേഡിയം എന്ന് യാഥാർത്ഥ്യമാകും.? അടൂർ നഗരവാസികൾ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായി. പേരിൽ ഏറെ പെരുമയുണ്ടെങ്കിലും കായിക മത്സരങ്ങൾ നടത്തണമെങ്കിൽ സമീപ പഞ്ചായത്ത് സ്റ്റേഡിയങ്ങളെ അശ്രയിക്കേണ്ട അവസ്ഥയാണ് നഗരസഭ തല കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മേളയുടെ നടത്തിപ്പിന് പോലും.നഗരസഭ രൂപംകൊണ്ട കാലം മുതൽ ബഡ്ജറ്റിലെ പ്രധാന മോഹന വാഗ്ദ്ധാനമാണ് സ്റ്റേഡിയം പുതുവാക്കൽ ഏലായിൽ ഇതിനായി 2.66 ഏക്കർ സ്ഥലം വാങ്ങി നികത്തിയെടുത്തെങ്കിലും അവിടം കാടുപിടിച്ച് കിടക്കുകയാണ്. മതിയായ ഫണ്ടില്ലാത്തതായിരുന്നു നഗരസഭ നേരിട്ട പ്രതിസന്ധി. ചിറ്റയം ഗോപകുമാറിന്റെയും നിലവിലുള്ള നഗരസഭ ഭരണ സമിതിയുടേയും ശ്രമഫലമായി സംസ്ഥാന സർക്കാരിന്റെ 2017-18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചു. ഇതിനൊപ്പം തുക അനുവദിച്ച കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണം 50 ശതമാനം പൂർത്തിയായപ്പോഴും അടൂർ സ്റ്റേഡിയത്തിനുള്ള വഞ്ചി തിരുനക്കര തന്നെ കിടക്കുകയാണ്.ഇതിനായി കിറ്റ് കോയെ നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തിയെങ്കിലും നിലവിലുള്ള സ്ഥലം അപര്യാപ്തമായി വന്നു. ഇതിനെ തുടർന്ന് സ്റ്റേഡിയത്തിനു സമീപത്തെ സ്ഥല ഉടമകളിൽ നിന്നായി 50 സെന്റ് സ്ഥലത്തിന്റെ സമ്മതപത്രം വാങ്ങുകയും അടിസ്ഥാന വില നിശ്ചയിച്ച് നൽകുന്നതിനായി ഫയൽ റവന്യു വകുപ്പിന്റെ കൈകളിലുമെത്തി വിലയും നിശ്ചയിച്ചു.ഇനി ഇത് ഏറ്റെടുക്കുന്നതിന് കൗൺസിലിന്റെ അംഗീകാരം കൂടി നേടിയെടുക്കുന്നതോടെ കടമ്പകൾ കടക്കും. നിർദ്ദിഷ്ട സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ 100 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള സ്റ്റേഡിയത്തിൽ നാല് വരിസിന്തറ്റിക് ട്രാക്, ഉന്നത നിലവാരത്തിലുള്ള ഫുട്ബോൾ കോർട്ട്, ഡ്രസിംഗ് റൂമുകൾ, ശൗചാലയങ്ങൾ, ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലെത്തി. അത് പൂർത്തിയായാൽ ഉടൻ നിർമ്മാണം ആരംഭിക്കും. ചിറ്റയം ഗോപകുമാർ

(എം. എൽ. എ)

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായി. ഇക്കാര്യത്തിൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്.

ഷൈനി ബോബി, ചെയർപേഴ്സൺ,

(അടൂർ നഗരസഭ)

-ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചു.