chiramudi-ela
കരിങ്ങാലി പുഞ്ചയിലെ തരിശായി കിടക്കുന്ന ചിറമുടി ഏല

പന്തളം: കരിങ്ങാലി, മാവരപുഞ്ചകളിലെ നെൽക്കൃഷി പുനരുജ്ജീവന പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. രണ്ടു വർഷം മുമ്പ് ഉദ്ഘാടനം ചെയ്തതാണ് പദ്ധതി. എന്നാൽ ഇതുവരെ പന്തളം റൈസ് വിപണിയിലെത്തിയില്ല. 2017 സെപ്റ്റംബർ 10ന് ശിവരഞ്ജിനി ഓഡിറ്റോറിയത്തിലാണ് മന്ത്രി വി.എസ്. സുനിൽ കുമാർ നെൽക്കൃഷി പുനർജീവന പദ്ധതി ഉദ്ഘാടനം ചെയ്തത്. ചിറ്റയംഗോപകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വികസനരേഖ സ്വീകരണവും പന്തളം റൈസ് എന്ന ബ്രാൻഡിന്റെ പ്രഖ്യാപനവും നടത്തി. ജില്ലാകളക്ടർ, പന്തളം നഗരസഭാദ്ധ്യക്ഷ ടി.കെ.സതി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ആ വർഷം തന്നെ കൃഷി ആരംഭിക്കുമെന്നാണ് മന്ത്രിയും എം.എൽ.എയും യോഗത്തിൽ പ്രഖ്യാപിച്ചത്.

പദ്ധതി..

ജില്ലയിലെ പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, ആലപ്പുഴ ജില്ലയിലെ പാലമേൽ, നൂറനാട് എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന തരിശായി കിടക്കുന്നതുൾപ്പെടെ 2500 ഏക്കർ പാടശേഖരങ്ങൾ പദ്ധതിയിലൂടെ കൃഷി ചെയ്യുന്നതായിരുന്നു പദ്ധതി.

പ്രതീക്ഷയറ്റ് കർഷകർ

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന നെല്ലു കുത്തി അരിയാക്കി പന്തളം റൈസ് എന്നപേരിൽ വിപണിയിലെത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇത് ഈ പ്രദേശത്തെ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഏറെ പ്രതീക്ഷ നൽകി. എന്നാൽ കഴിഞ്ഞ വർഷം കരിങ്ങാലി പാടശേഖരത്തിലെ കണ്ടൻ ചാത്തൻ കതിരക്കോട്, മണത്തറ, മണപ്പുഴ പാടശേഖരങ്ങളിലെ 17 വർഷം തരിശായി കിടന്ന വയലിൽ ഓണാട്ടുകര കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ 250 ഏക്കറിൽ കൃഷിയിറക്കിയതുൾപ്പെടെ ആയിരത്തോളം ഏക്കർ വയലുകളിലെ നെൽകൃഷി ചെയ്യുവാൻ കഴിഞ്ഞുള്ളു. ഇതോടെ കർഷകർക്കും പ്രതീക്ഷയറ്റു.

കരിങ്ങാലി പാടശേഖരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് മുഴുവൻ പാടശേഖരങ്ങളിലും കൃഷി ചെയ്യാൻ സാധിക്കാതിക്കാതിരുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തികരിച്ചു.ബാക്കി പണികളും ഉടൻ തന്നെ ചെയ്ത് ഈ വർഷം എല്ലാ പാടങ്ങളിലും കൃഷി ഇറക്കും

ചിറ്റയംഗോപകുമാർ

(എം.എൽ.എ)

-ഉദ്ഘാടനം നടത്തിയത് 2017ൽ

-കൃഷി ചെയ്യാതിരുന്നത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലെന്ന് അധികൃതർ