അടൂർ: നിലം പൊത്താറായ കാമ്പിത്താംകടവ് ചിറ്റയം ഗോപകുമാർ എം.എൽ.എ സന്ദർശിച്ചു. കഴിഞ്ഞ മഴയത്ത് കുത്തൊഴുക്കിൽപ്പെട്ട് മണ്ണ് ഒലിച്ചുപോവുകയും രണ്ട് വൈദ്യുതി പോസ്റ്റുകൾ ഏതു സമയവും നിലംപൊത്താറായ അവസ്ഥയിലുമായിരുന്നു. പഞ്ചായത്ത്, റവന്യൂ, വൈദ്യുതി, എന്നീ വകുപ്പ് മേധാവികളെ എം.എൽ.എ വിവരം ധരിപ്പിച്ചിട്ടുണ്ട്.
കല്ലടയാറിന്റെ കരയിൽ മണ്ണടിയുടെ പൈതൃക സ്മാരകമായി നിലകൊള്ളുന്ന കാമ്പിത്താൻ കടവ് മതിയായ സംരക്ഷണമില്ലാതെ നശിക്കുകയും പരിസരം സ്വകാര്യ വ്യക്തികൾ കൈയടക്കുകയും ചെയ്തിരുന്നു. എല്ലാ വർഷവും കർക്കടക വാവിന് നൂറ്കണക്കിന് ആളുകളാണ് ഇവിടെ ബലിതർപ്പണത്തിനായി എത്തിച്ചേരുന്നത്. ഇവിടം സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് ചിറ്റയം ഗോപകുമാർ എം.എൽ.എ സ്ഥലം പരിശോധിച്ചത്. പുറമ്പോക്ക് കൈയേറിയത് അളന്ന് തിട്ടപ്പെടുത്തുന്നതിനൊപ്പം ഇവിടെ മനോഹരമാക്കി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ നാട്ടുകാർക്ക് ഉറപ്പ് നൽകി.ഇത് സംബന്ധിച്ച വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. ഷീല,സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുൺ കെ.എസ് മണ്ണടി, പ്രദീപ് കുമാർ, ശശിധരൻ, മോഹനചന്ദ്രകുറുപ്പ് ,ശശി എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.