അടൂർ: കഴിഞ്ഞ മാസം 9ന് ഇളമണ്ണൂരിൽ വഴിയാത്രക്കാരനായ ലക്ഷ്മി നിവാസിൽ വിക്രമൻ നായർ (70) ഇളമണ്ണൂർ തടിമില്ലിന് സമീപം അജ്ഞാത വാഹനം തട്ടി മരിച്ച സംഭവത്തിൽ ലോറിയും ഡ്രൈവറെയും തമിഴ്നാട് തൂത്തുക്കുടിയിൽ നിന്ന് അടൂർ പൊലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് മത്സ്യം കയറ്റി കോട്ടയം ഭാഗത്തേക്ക് വന്ന ടി.എൻ.74 ജെ - 3490 ലോറിയാണ് വിക്രമൻനായരെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തെ തുടർന്ന് വാഹനം നിറുത്താതെ പോകുകയായിരുന്നു. അപകടം നടന്നതിന് സമീപത്തുള്ള കടകളിൽ നിന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും അടൂർ ഡിവൈ. എസ്.പി ജവഹർജനാർദ്ധിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ ജെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനവും, ഡ്രൈവർ മുനിസ്വാമി (43) യേയും തൂത്തുക്കുടിയിൽ നിന്ന് പിടികൂടിയത്. എ.എസ്.ഐ ജെ.ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ വി.ദിലീപ് , അനുരാഗ്, ശരത് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.