ഇളമണ്ണൂർ: തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ചെറുവള്ളി എസ്‌റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാൻ ഇറങ്ങിയത് ശരിയായില്ലെന്നും ഇതിന് പിന്നിൽ ലാഭക്കൊതിയും കച്ചവട താല്പര്യവുമാണുള്ളതെന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കോന്നിയിൽ പ്രചാരണത്തിന് എത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാർ ഭൂമിയാണ്. പാട്ട കരാർ കഴിഞ്ഞ ഭൂമിയാണിത്. 1924-ൽ ഹാരിസൺ കൃതൃമം കാണിച്ചു സ്വന്തമാക്കിയതാണ് എസ്‌റ്റേറ്റ്. രാജമാണിക്യം റിപ്പോർട്ടിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാരിനാണ്. ഈ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കണമെന്ന് ഹൈക്കോടതി വരെ പറഞ്ഞിട്ടും അതു നടപ്പായില്ല. വിമാനത്താവളത്തിന് പിന്നിൽ വൻ ലോബികളുണ്ട്. അവരുടെ താല്പര്യങ്ങൾക്കു വേണ്ടിയാണ് ഇതെല്ലാം കാട്ടി കൂട്ടുന്നത്. ഒരു കേസു കൊടുക്കുവാൻ പോലും സർക്കാർ തയ്യാറാകുന്നില്ല എന്നു മാത്രമല്ല എല്ലാ റവന്യു കേസുകളും കോടതിയിൽ പോയി തോറ്റു കൊടുക്കുകയാണെന്നും കുമ്മനം പറഞ്ഞു. ഇളമണ്ണൂർ പഞ്ചായത്ത് ജംഗ്ഷനിൽ നടന്ന കുടുംബയോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോന്നി നിയോജക മണ്ഡലം സെക്രട്ടറി എൻ.കെ.സതികുമാർ, ജില്ലാ സെക്രട്ടറി എം.ജി.കൃഷ്ണകുമാർ , ജില്ലാ കമ്മിറ്റിയംഗം എ.ജയചന്ദ്രൻ, ചന്ദ്രമതിയമ്മ, അജിത എന്നിവർ സംസാരിച്ചു.