കൊടുമൺ : സുവിശേഷ വേലക്കിടയിലും കൃഷിയോടാണ് സണ്ണി പാസ്റ്ററിന് കൂടുതൽ ഇഷ്ടം. റബർ തൈകൾക്ക് ഇടവിളയായാണ് പാസ്റ്ററുടെ സമ്മിശ്ര കൃഷി. വാഴ, പച്ചക്കറി, പഴവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങി ഏതിനവും ഒന്നരയേക്കർ കൃഷിയിടത്തിലുണ്ട്. 36 വർഷമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സുവിശേഷവേല ചെയ്തിട്ടുള്ള പാസ്റ്ററിന് കൃഷിയും ദൈവികമാണെന്ന് അദ്ദേഹം പറയുന്നു. ജില്ലയിലെ കൊടുമൺ കിഴക്ക് കുളത്തിനാൽ കാഞ്ഞിപ്പുഴ ബെഥേൽ വീട്ടിൽ പാസ്റ്റർ.കെ.കെ.സണ്ണിയും കുടുംബവുമാണ് കൃഷിയിലൂടെ ജീവിത വരുമാനം കണ്ടെത്തുന്നത്. പ്രക്കാനത്ത് കുടുംബമായ കൊല്ലേന്റെത്ത് വീട്ടിൽ ജനിച്ചു വളർന്ന സണ്ണി കുളത്തിനാലിൽ താമസമായിട്ട് ഏതാനും വർഷങ്ങളേ ആയുള്ളു. പ്ലാന്റേഷൻ കോർപറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റ് അതിർത്തിയിലാണ് വീടും സ്ഥലവും.കാട്ടുപന്നികളും കുരങ്ങും ഒക്കെകൃഷിയിടങ്ങളിൽ നാശം വിതക്കുമ്പോൾ തെല്ലും ആത്മവിശ്വാസം കൈവിടാതെ കൃഷി തുടരുകയാണ് ഈ കുടുംബം. പാസ്റ്ററുടെ ഭാര്യ പൊടിമോൾ, ഇളയ മകൻ ബ്ലസൻ എന്നിവരും കൃഷി പരിപാലനത്തിന് ഒപ്പമുണ്ട്.
കൂമ്പില്ലാകണ്ണൻ മുതൽ കുടംമ്പുളി വരെ
കൂമ്പില്ലാകണ്ണൻ, പാളയം കോടൻ, ചെങ്കദളി, പൂവൻ, ഏത്തൻ ഇനങ്ങളിൽ 200 വാഴ, 100 മൂട് ചേന, ശീമചേമ്പ്, കണ്ണൻചേമ്പ്, പച്ചക്കറികളിൽ പയർ, വഴുതന, മത്തൻ, വെള്ളരി, കുമ്പളം, പച്ചമുളക്, കാന്താരി, ഇഞ്ചി, ഏലം, ജാതി, തെങ്ങ്,കുരുമുളക്, പാഷൻ ഫ്രൂട്ട്, ചാമ്പ, കുടംപുളി എന്നിവയാണ് പ്രധാനമായും ഇവിടെയുളളത്.
പാട്ടത്തിനെടുത്ത് കൃഷി ചെയ്യും
ഒരു ഭാഗത്ത് ആദായം എടുക്കുമ്പോൾ മറു ഭാഗത്ത് കൃഷി ചെയ്യുന്ന രീതിയാണ് പാസ്റ്ററുടേത്. ഓമല്ലൂർ, തുമ്പമൺ, പ്രക്കാനം എന്നിവിടങ്ങളിലാണ് കാർഷിക വിളകൾ വിൽക്കുന്നത്. കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
പ്രതിബന്ധങ്ങൾ ഏറെയുണ്ടായിട്ടും നല്ലവിളവാണ് ലഭിക്കുന്നത്.
സണ്ണി പാസ്റ്റർ