തിരുവല്ല: അടുത്തവർഷം 125 -ാം വാർഷികം ആഘോഷിക്കുന്ന കുറ്റൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് അനുവദിച്ച പുതിയ ബ്ലോക്കിന്റെ നിർമ്മാണം അടുത്ത അദ്ധ്യയനവർഷം പൂർത്തിയാക്കും. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 75 ലക്ഷം ചെലവഴിച്ചാണ് പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ആദ്യഘട്ടം നിർമ്മിക്കുന്നത്.എം.സി റോഡരുകിൽ 2.38 ഏക്കർ സ്ഥലമാണ് സ്കൂളിന് സ്വന്തമായുള്ളളത്. കെട്ടിടത്തിന്റെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായ സാങ്കേതിക തടസങ്ങൾ പരിഹരിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. അനുവദിച്ച ഫണ്ട് ചെലവഴിച്ച് മൂന്ന് നിലകളുള്ള കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. രണ്ടുവർഷം മുമ്പ് സ്‌കൂൾ അധികൃതർ തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ സ്ഥലം നിശ്ചയിക്കാനും എസ്റ്റിമേറ്റും പ്ലാനും തയാറാക്കാനും തീരുമാനിച്ചു. നിർമ്മാണം പൂർത്തിയായാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സമയക്രമീകരണം നിശ്ചയിക്കാനും മോണിറ്ററിംഗ് സമിതിയെ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ മുഖ്യപ്രഭാഷണം നടത്തി.എസ്റ്റിമേറ്റിന്റെ സ്വഭാവം,നടപടിക്രമം എന്നിവ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് എക്സി.എൻജിനിയർ എം.ജി.ഹരികുമാർ വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ സി.തോമസ്, അംഗങ്ങളായ പ്രസന്ന സതീഷ്, അനൂപ് ഏബ്രഹാം, അജി കൊല്ലംപറമ്പിൽ, ജയാ ബിജു,ബിൻസി അരാംമാമൂട്ടിൽ,രാജലക്ഷ്മി, സെക്രട്ടറി ബി.രേഖ, ബ്ലോക്ക് അസി.എക്സി.എൻജിനിയർ മഞ്ജു, സ്‌കൂൾ പ്രിൻസിപ്പൽ പി.എം രാജേഷ്,പി.ടി.എ പ്രസിഡന്റ് ഇന്ദിരാ രവി, കോസ്റ്റ് ഫോർഡ് ജില്ലാ കോർഡിനേറ്റർ ബിജു ജോൺ എന്നിവർ പ്രസംഗിച്ചു.
നിർമ്മാണം കോസ്റ്റ് ഫോർഡിന്
ഗവ.അംഗീകൃത അക്രഡിറ്റഡ് ഏജൻസിയായ സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫോർ റൂറൽ ഡവലപ്മെന്റ് (കോസ്റ്റ് ഫോർഡ്) നിർമ്മാണ ചുമതല വഹിക്കും. അഞ്ച് ക്ലാസ് മുറികളുള്ള ഒരുനില കെട്ടിടമാണ് ആദ്യഘട്ടമായി നിർമ്മിക്കുക. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
കുറ്റൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി മാതൃകയാകും
എസ്.വി.സുബിൻ,
(ജില്ലാ പഞ്ചായത്തംഗം)
-ആദ്യഘട്ടത്തിൽ 5 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം