റാന്നി: മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മദ്യവും മയക്കുമരുന്നുമാണെന്ന് രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ പറഞ്ഞു. ലഹരി വിരുദ്ധ പ്രചരണം സർക്കാർ ഏറ്റെടുക്കണമെന്നും കേരളകൗമുദിയുടെ ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിൻ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വടശേരിക്കര ടി.ടി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ കേരളകൗമുദി നടത്തിയ ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരായ പ്രവർത്തനമാണ് സമൂഹത്തിന് ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും വലിയ നൻമ. കുട്ടികളായിരിക്കുമ്പോൾത്തന്നെ അവരെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമാക്കണം. ലഹരിക്കടിപ്പെട്ട യുവതലമുറയെ പിന്തിരിപ്പിക്കുന്നതിനേക്കാളും നല്ലത് കുട്ടിക്കാലത്തു തന്നെ ലഹരിക്കെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ലഹരി ഉപയോഗിക്കുന്നത് ശീലമായാൽ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രയാസമാണ്. ശരിയെന്ത്, തെറ്റെന്ത് എന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കാൻ അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും കഴിയണം. മയക്കുമരുന്നിന്റെ പിന്നാലെ പോയാൽ ജീവിതം വലിയ നരകവും വേദനയായും മാറുമെന്ന് ഒാർക്കണം. മദ്യം വിഷമാണെന്ന് ശ്രീനാരായണ ഗുരുദേവൻ ഉദ്ബോധിപ്പിച്ചു. എല്ലാ മതനേതാക്കളും അതുപറയുന്നു. പക്ഷെ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിന് കുറവില്ല. അതിന്റെ അപകടം മനസലാക്കിയാണ് കേരളകൗമുദി ഇത്തരം ബോധവത്കരണ പരിപാടികളുമായി രംഗത്തുവന്നത്. ജനങ്ങളുടെ നൻമ ആഗ്രഹിക്കുന്ന എല്ലാവരും കേരളകൗമുദിക്കൊപ്പമുണ്ടെന്ന് പി.ജെ.കുര്യൻ പറഞ്ഞു. സ്കൂൾ മാനേജർ തോമസ് കാേശി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഒാഫീസർ എം.കെ ശ്രീകുമാർ ക്ളാസെടുത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, പഴവങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് അനു ടി. ശാമുവേൽ, സ്കൂൾ പ്രിൻസിപ്പൽ എം.വി മോഹൻദാസ്, പി.ടി.എ പ്രസിഡന്റ് സന്താേഷ് കെ. ചാണ്ടി, സ്കൂൾ ലഹരിവിരുദ്ധ വിമുക്തി കോർഡിനേറ്റർ എം.ആർ. സുനിൽ മാമ്പാറ, സ്റ്റാഫ് സെക്രട്ടറി ബിനു പി.തയ്യിൽ, സീനിയർ അദ്ധ്യാപിക ലീലു ഇ. തോമസ് എന്നിവർ സംസാരിച്ചു.