malinyam
മഴുക്കീറിൽ പ്രാവിൻ കൂട് ഇരമല്ലിക്കര റോഡിന് സമീപം മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിച്ച നിലയിൽ

ചെങ്ങന്നൂർ: ഹോട്ടൽ മാലിന്യത്തിനും അറവുമാലിന്യത്തിനും പുറമെ അടുക്കളമാലിന്യവും വഴിയരുകിൽ തളളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും ഒരുപോലെ ദുരിതമാകുന്നു. ജനവാസ കേന്ദ്രമായ തിരുവൻവണ്ടൂർ പഞ്ചായത്തിലെ ആറാം വാർഡിൽ മഴുക്കീറിൽ പ്രാവിൻ കൂട് ഇരമല്ലിക്കര റോഡിന് സമീപമാണ് വൻതോതിൽ മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുന്നത്. കനത്ത മഴയിൽ ഇവ ചീഞ്ഞളിഞ്ഞ് പരിസരം ദുർഗന്തപൂരിതമാണ്. മാലിന്യം ഭക്ഷിക്കാൻ നായ്ക്കൾ കൂട്ടമായി എത്തുന്നതും കാക്ക ഉൾപ്പെടെയുളളവ മാലിന്യം കൊത്തി സമീപത്തെ കിണറുകളിലും ശുദ്ധജല ശ്രോതസുകളിലും കൊണ്ടിടുന്നതും പ്രദേശവാസികൾക്ക് ദുരിതമാകുന്നു. വ്യാപാരികളും അസഹനീയമായ ദുർഗന്ധം മൂലം കടകൾ അടച്ചിടേണ്ട സ്ഥിതിയിലാണ്.

പരാതി നൽകി, ഫലമില്ല

കഴിഞ്ഞ ആഗസ്റ്റ് 5ന് മാലിന്യ നിക്ഷേപം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി. എന്നാൽ ഒരാഴ്ചക്ക് മുമ്പ് മാത്രമാണ് താലൂക്ക് ലീഗൽ സെൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. പരാതിക്കാരെ നേരിൽ വിളിപ്പിച്ച് അവരുടെ വാദം കേട്ടു. തുടർന്ന് മാലിന്യം അടിയന്തരമായി അവിടെ നിന്നും നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

പഞ്ചായത്ത് പ്രസി‌ഡന്റിന്റെ സ്വന്തം വാർ‌ഡ്

പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് മാസങ്ങളായി മാലിന്യം കുന്നുകൂടിയിരിക്കുന്നത്. പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രസിഡന്റ് തന്റെ വാർഡിലെ മാലിന്യത്തിന് പരിഹാരം കാണാൻ ശ്രമിക്കാത്തത് അപഹാസ്യമാണ്.


പ്രളയശേഷം ശുചീകരണത്തിന് പി.എച്ച്.എസ്.സി പണം അനുവദിക്കുന്നുണ്ടെങ്കിലും ഇവ വകമാറ്റിചെലവഴിക്കുകയാണ്. മാലിന്യ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രദേശവാസികൾ സമരപരിപാടികൾ ആരംഭിക്കും.

പ്രദേശവാസി

(സുരേഷ് കുമാർ)