കോന്നി: ഉച്ചവരെ ഒന്നാന്തരം വെയിൽ. പിന്നങ്ങോട്ട് ഇടിവെട്ടിപ്പെയ്യുന്ന മഴ. പക്ഷേ തലതിരിഞ്ഞ കാലാവസ്ഥയെ കൂസാതെ കോന്നിയിൽ പോര് മുറുകുകയാണ്. സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന ശ്രദ്ധേയ മണ്ഡലമായി കോന്നി മാറി. മണ്ഡലം വികസനത്തിൽ തുടങ്ങി ശബരിമലയിലും എം.ജി സർവകലാശാല മാർക്ക് വിവാദത്തിലും വട്ടമിട്ടു നിൽക്കുകയാണ് അവസാന രാഷ്ട്രീയ ചർച്ചകൾ. യു.ഡി.എഫും എൻ.ഡി.എയും ശബരിമല പ്രശ്നം ഉൗതിക്കാച്ചുമ്പോൾ ശബരിമലയ്ക്ക് അനുവദിച്ച വികസന ഫണ്ടിൽ ഉൗന്നിയാണ് എൽ.ഡി.എഫിന്റെ മറുപടി. രണ്ടു ദിവസം മണ്ഡലത്തിൽ അഞ്ചിടത്ത് പൊതുയോഗങ്ങളിൽ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയ്ക്ക് വേണ്ടി സർക്കാർ അനുവദിച്ച ഫണ്ടിനെപ്പറ്റിയും ശബരിമല വിമാനത്താവളത്തെപ്പറ്റിയുമാണ് സംസാരിച്ചത്.
എം.ജി. സർവകലാശാല മാർക്ക് വിവാദം സർക്കാരിനെതിരെ ആഞ്ഞടിക്കാൻ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും പുതിയ വിഷയമായി. തുലാമാസ പൂജയ്ക്ക് ശബരിമല നട തുറക്കുന്ന ഇന്ന് കഴിഞ്ഞ വർഷത്തെ തുലാമാസ പൂജയിൽ ശബരിമലയിൽ നടന്ന സംഘർഷത്തെ ഒാർമ്മിപ്പിച്ച് എൻ.ഡി.എ പ്രചാരണം കൊഴുപ്പിക്കും.
മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം രണ്ടു ദിവസമായി കോന്നിയിലുണ്ട്. പിണറായി വിജയൻ ഇന്നലെയും മിനിഞ്ഞാന്നും മണ്ഡലത്തിലുണ്ടായിരുന്നു രമേശ് ചെന്നിത്തല ഇന്നലെ എത്തി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി ഇന്ന് കോന്നിയിൽ പ്രസംഗിക്കും. എ.എെ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും മണ്ഡലത്തിലുണ്ട്.
ഒാർത്തഡോക്സ് സഭ പിറവം പളളി മാനേജിംഗ് കമ്മിറ്റി പ്രതിനിധികളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിളള കോന്നിയിൽ ഭവന സന്ദർശനം നടത്തിയതാണ് എൻ.ഡി.എയുടെ ഭാഗത്തു നിന്നുണ്ടായ ശ്രദ്ധേയമായ നീക്കം. ജനപക്ഷം നേതാവ് പി.സി ജോർജും എൻ.ഡി.എ സ്ഥാനാർത്ഥിക്കുവേണ്ടി കുടുംബയോഗങ്ങളിൽ പങ്കെടുത്തു.