തിരുവല്ല: ജില്ലയുടെ നെല്ലറയായ അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ കർഷകർ തുടങ്ങി. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി നേരത്തേയാണ് കൃഷി നടപടികൾ ആരംഭിച്ചത്. പാടത്തെ വെള്ളം വറ്റിക്കലും നിലമൊരുക്കലും വരമ്പു കുത്തലും, ട്രാക്ടർ ഉപയോഗിച്ച് നിലം ഒരുക്കുന്ന പണിയും നടക്കുന്നുണ്ട്. പാടശേഖരങ്ങൾക്ക് ചുറ്റുമുള്ള ബണ്ടുകൾ വെള്ളം കയറാതിരിക്കുവാൻ ബണ്ടിടുന്ന പണികൾ പൂർത്തിയായി. നിരണം പഞ്ചായത്തിലെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തുള്ള പാടശേഖരങ്ങളിലാണ് നടപടികൾ ആദ്യം ആരംഭിച്ചത്. ജില്ലയിൽ ഏറ്റവുമധികം നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിൽ പടവിനകം എ,ബി, പാണകാരി, വേലൂർ മുണ്ടാകാം, കൈപ്പുഴാക്കൽ എന്നീ പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കുന്ന ജോലികൾ തുടങ്ങി. നെടുമ്പ്രം, കടപ്ര പഞ്ചായത്തുകളിലും നെൽകൃഷിക്കുള്ള നടപടികൾ തുടങ്ങി. ട്രാക്ടറിന് പൂട്ടി നിലം ഒരുക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. വെള്ളപ്പൊക്കശേഷമുള്ള പായലും പോളയും കയറിക്കിടക്കുന്ന ഭാഗത്ത് പാടശേഖരം വൃത്തിയാക്കൽ ശ്രമകരമാണ്. നവംബർ മദ്ധ്യത്തോടെ കൃഷി ആരംഭിക്കാനാണ് പാടശേഖര സമിതികളുടെ തീരുമാനം. അടുത്ത മാർച്ചിൽ വേനൽമഴക്ക് മുമ്പ് വിളവെടുക്കാനാണ് കർഷകർ ലക്ഷ്യമിടുന്നത്.
വിത്ത് കിട്ടാറില്ലെന്ന് കർഷകർ
ഒരേക്കറിന് 33 രൂപാ പ്രകാരം 40 കിലോ വിത്ത് കർഷകർക്ക് സബ്സിഡി നിരക്കിൽ ലഭിക്കും. ഇതിൽ കൂടുതൽ വിത്ത് ആവശ്യമുള്ള കർഷകർക്ക് അധികമായി വാങ്ങുന്ന ഓരോ കിലോയ്ക്കും 43 രൂപാ വീതം നൽകണം. മുൻ വർഷങ്ങളിൽ ചില തദ്ദേശ സ്ഥാപനങ്ങൾ കർഷകർക്ക് സൗജന്യമായി വിത്തും വളവും നൽകിയിരുന്നു. ഇത്തവണ ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടായിട്ടില്ല. വിത്ത് പലപ്പോഴും സമയത്ത് കിട്ടാറില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.
ആശങ്കയായി പെരുമഴ
പാടശേഖരങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളം വറ്റിക്കാൻ മോട്ടോർ ഉപയോഗിച്ചു പമ്പിംഗ് തുടങ്ങിയെങ്കിലും കനത്തമഴ കാരണം ഫലമില്ല.പെരിങ്ങരയിലെ പാടശേഖരങ്ങളിൽ ഒരാഴ്ചയായി പമ്പിംഗ് തുടരുകയാണ്.ശക്തമായ മഴ തുടർന്നാൽ സമയത്ത് വിത്ത് വിതയ്ക്കാൻ കഴിയില്ല.
കൃഷിക്കായി അപ്പർകുട്ടനാട് വീണ്ടും സജീവമാകുമ്പോൾ അതിനുവേണ്ട നടപടിക്രമങ്ങൾ യഥാസമയം സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കണം
എം.ടി. പുരുഷൻ മണലിൽ
(കർഷകൻ, പെരിങ്ങര)
-ഒരേക്കറിന് 33 രൂപാ പ്രകാരം 40 കിലോ വിത്ത് കർഷകർക്ക് സബ്സിഡി
-അധികമായി വാങ്ങുന്ന ഓരോ കിലോയ്ക്കും 43 രൂപ