118 പേർ അറസ്റ്റിൽ

തിരുവല്ല: താലൂക്കിൽ ലഹരി ഉപയോഗ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് കണക്കുകൾ. ഈ വർഷം ജനുവരി ഒന്ന് മുതൽ ഒക്ടോബർ 16 വരെയുള്ള കണക്കുകൾ പ്രകാരം 101 മയക്കുമരുന്ന് കേസുകൾ എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തു. കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട് 118 പേരാണ് ഇതുവരെ അറസ്റ്റിലായത്. 13 .5 കിലോ കഞ്ചാവ് പിടികൂടുകയും ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് നാലിരട്ടിയോളം കേസുകളുടെ വർദ്ധനയാണ് താലൂക്കിൽ ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ മദ്യവുമായി ബന്ധപ്പെട്ട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളും 103 ആയി. പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മദ്യം, മയക്കുമരുന്ന് കേസുകൾ കൂടിയാകുമ്പോൾ തിരുവല്ലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ഭീതിതമാകുംവിധം വർദ്ധിച്ചതായി കാണാനാകും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ യുവാക്കളെ നേർവഴിക്ക് നയിക്കാൻ നിരവധി കർമ്മ പദ്ധതികൾ സർക്കാർ നടപ്പാക്കുമ്പോഴും ലഹരിതേടി പോകുന്നവരുടെ എണ്ണം കുറയുന്നില്ല. പൊലീസ് - എക്സൈസ് റെയ്ഡ് ശക്തമാക്കുമ്പോൾ മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം മറ്റിടങ്ങളിലേക്ക് മാറ്റുന്നു.

പിടിയിലായതിൽ 50 കുട്ടികൾ
കഞ്ചാവ് കേസുകളിൽപ്പെട്ട പ്രായപൂർത്തിയാകാത്ത അമ്പതോളം പേർ ഈ വർഷം പിടിയിലായിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവർ മാത്രമായതിനാൽ ഇവരെ താക്കീത് നൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. 25 വയസ്സിനു താഴെയുള്ളവരാണ് അറസ്റ്റിലായതിൽ കൂടുതലുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ നാലുപേർ സ്ഥിരം പ്രതികളാണ്.

12 വിദ്യാർത്ഥികൾ ചികിത്സ തേടി

കഞ്ചാവിനും മദ്യത്തിനും അടിമകളായ 12 വിദ്യാർത്ഥികളെ എക്സൈസ് സി.ഐ എസ്.സജീവിന്റെ നേതൃത്വത്തിൽ റാന്നിയിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണങ്ങൾ വർദ്ധിച്ചു
കഴിഞ്ഞമാസം കഞ്ചാവുമായി പിടികൂടിയ പ്രതിയുടെ ആക്രമണത്തിൽ തിരുവല്ല എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യന് പരിക്കേറ്റ സംഭവമാണ് ഒടുവിലത്തേത്. പ്രതി ഇൻസ്‌പെക്ടറുടെ തോളിൽ കടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു. ജനുവരിയിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ പരിക്കേറ്റ സിവിൽ എക്സൈസ് ഓഫീസർ പ്രസാദ് ഇപ്പോഴും ചികിത്സയിലാണ്. ഫെബ്രുവരിയിൽ ഓതറ പൂതക്കുഴിയിൽ പ്രതിയുടെ ബന്ധുക്കൾ മാരകായുധങ്ങളുമായി എക്സൈസ് സംഘത്തെ ആക്രമിച്ച സംഭവവുമുണ്ടായി.

ചതിയിൽപ്പെടുത്തിയാണ് പലരെയും ലഹരി നുണയാൻ പ്രേരിപ്പിക്കുന്നത്. കുടുംബ സാഹചര്യം മനസ്സിലാക്കി പണവും മറ്റും നൽകി കുട്ടികളെ മാഫിയകൾ കണ്ണികളാക്കുന്നു.

എ. സെബാസ്റ്റ്യൻ

എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ, തിരുവല്ല

കഞ്ചാവ് കേസുകൾ

(വർഷവും എണ്ണവും)

2019 : 101

2018 : 29

2017 : 34

2016 : 15