1

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ടൂറിസം പ്രൊമോഷൻ കൗൺസിൽ പ്രഥമ പരിഗണനയോടെ രേഖപ്പെടുത്തിയിരിക്കുന്ന നാമമാണ് മണ്ണടി വേലുത്തമ്പിദളവാ സ്മാരകം. ദളവയുടെ ജീവത്യാഗംകൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച മണ്ണുതേടി ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ എത്താറുണ്ട്. എന്നാൽ പ്രശസ്തിക്കനുസരിച്ചുള്ള യാതൊന്നും ഇവിടെയില്ലായെന്ന വിമർശനം ശക്തമായപ്പോഴാണ് ഒരുസ്മാരകം നിർമിക്കണമെന്ന ചിന്ത ഉണ്ടായത്. ദളവയുടെ സ്മരണനിലനിറുത്താൻ ഉചിതമായസ്മാരകം, അനുബന്ധമായി കാമ്പിത്താൻമണ്ഡപം, അരവക്കച്ചാണിഗുഹ, മണ്ണടിക്ഷേത്രം. ടൂറിസംരംഗത്ത് ഈ സാദ്ധ്യതകളെല്ലാം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. ദളവയുടെ അന്ത്യം സംഭവിച്ച സ്ഥലത്ത് സ്മരണ നിലനിറുത്താൻ ജില്ലാപഞ്ചായത്ത് രണ്ടുനിലകെട്ടിടം പണിതു. സംസ്ഥാനസർക്കാർ ഇവിടെ മ്യൂസിയവും വേലുതമ്പിദളവയുടെ പ്രതിമയും സ്ഥാപിച്ചു. എന്നാൽ ഇതോടെ തീരുകയായിരുന്നു ടൂറിസം ലക്ഷ്യമാക്കിയുള്ള വികസനം. മ്യൂസിയം എന്നാൽ പേരിൽമാത്രമേയുള്ളു. സന്ദർശകർക്ക് കാണാനോ അറിയാനോ യാതൊന്നും ഇവിടെയില്ല. ഏറെ പ്രതീക്ഷയോടെ എത്തുന്നവർ പ്രതിമ കണ്ടുമടങ്ങുകയാണ് . പഠനഗവേഷണത്തിനായി ആധുനിക ലൈബ്രറി സ്ഥാപിക്കാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെഫണ്ടിൽ നിന്ന് അമ്പത് ലക്ഷം ചെലവിട്ട് മ്യൂസിയം കെട്ടിടംപണിതു. കഴിഞ്ഞപാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനവും നടത്തി. പിന്നീടാണ് നാട്ടുകാരറിയുന്നത് ഒരു പുസ്തകംപോലും ഇല്ലാതെയാണ് ലൈബ്രറി തുറന്നതെന്ന്.

കാമ്പിത്താൻ മണ്ഡപം

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് കല്ലടയാറിന്റെ തീരത്തെ കാമ്പിത്താൻമണ്ഡപം. കല്ലുകൾകൊണ്ടാണ് നിർമ്മാണം. അത്ഭുതസിദ്ധിയുള്ള കാമ്പിത്താൻ മണ്ണടി ദേവിയുടെ പ്രതിപുരുഷനായിട്ടാണ് അറിയപ്പെട്ടത്. കാമ്പിത്താനെ അന്വേഷിച്ചാണ് ദളവ മണ്ണടിയിൽ എത്തിയതെന്നും ചരിത്രം പറയുന്നു. കാമ്പിത്താൻ കുളികഴിഞ്ഞ് വിശ്രമിച്ചിരുന്നസ്ഥലത്താണ് മണ്ഡപം ഉയർന്നത് . മണ്ഡപത്തിൽ നിന്ന് ആറ്റിലേക്ക് പട്ടികെട്ടുകൾ നിർമിച്ചിട്ടുണ്ട്. എസ് ആകൃതിയിലാണ് നദി ഇവിടേക്കൊഴുകിയെത്തുന്നത് . കുട്ടവഞ്ചി സവാരിയുൾപ്പെടെ ഇവിടെ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. 2003ൽ ജില്ലാപഞ്ചായത്തിൽ നിന്ന് കൽമണ്ഡപം സംക്ഷിക്കാൻ നടപടിയെടുത്തു. അതിനുശേഷം പുരാവസ്തുവകുപ്പ് ഏറ്റെടുത്തു. ഇപ്പോൾ ഒരു സംരക്ഷണവുമില്ല.

അരവക്കച്ചാണി ഗുഹ

മണ്ണടി ദേശക്കല്ലും മൂട്ടിലാണ് അരവക്കച്ചാണിഗുഹ. വേലുതമ്പിദളവ ഈ ഗുഹയിൽ ഒളിച്ചിരുന്നതായി പറയുന്നുണ്ട് ഗുഹയിൽ വീണ പശു നാല് കിലോമീറ്റർ ദൂരം ഗുഹയിലൂടെ സഞ്ചരിച്ച് തുവയൂരൂള്ള അരയാലുംപുറത്ത് വന്നെത്തിയതായി പഴമക്കാർ പറയുന്നുണ്ട്. ഗുഹകാണാൻ സന്ദർശകർ ഏറിയിട്ടും സർക്കാർ ഒന്നുംചെയ്തില്ല. പ്രാദേശിക ഭരണകൂടങ്ങൾ അനാസ്ഥയാണ് കാട്ടുന്നത്. ഇപ്പോൾ നാട്ടുകാർ സംരക്ഷണസമിതി രൂപികരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ടൂറിസം രംഗത്ത് സന്ദർശകരെ ആകർഷിക്കാനുള്ള ചരിത്രവും ഐതിഹ്യവും പ്രകൃതി രമണീയതയും എല്ലാമുള്ള ഇടമാണ് മണ്ണടിയുടേത്. പക്ഷേ പ്രവർത്തനങ്ങൾ കടലാസിലും പ്രഖ്യാപനത്തിലും മാത്രമൊതുങ്ങുകയാണ്.