malinyam
മഴുക്കീറിൽ പ്രാവിൻകൂട്-ഇരമല്ലിക്കര റോഡിലെ മാലിന്യം നീക്കം ചെയ്തപ്പോൾ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് ആറാം വാർഡിലെ മാലിന്യം വാരിമാറ്റിയെങ്കിലും നിക്ഷേപിക്കാനിടമില്ലാതെ പഞ്ചായത്ത് അധികൃതർ വലഞ്ഞു.പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ റോഡരുകിൽ വൻ തോതിൽ മാലിന്യ നിക്ഷേപിച്ചിരിക്കുന്നത് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ വഴിയരുകിലെ മാലിന്യം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഇവിടെനിന്നും വാരി മാറ്റി. ഈ മാലിന്യം വാഹനത്തിൽ ഒന്നാം വാർഡ് ഇരമല്ലിക്കരയിലെ പൊതുസ്മശാനത്തിനായി നീക്കിവെച്ച സ്ഥലത്താണ് ഇവർ നിക്ഷേപിക്കാൻ ശ്രമിച്ചത്. ഇതിനായി വലിയ കുഴിയും എടുത്തിരുന്നു. തുടർന്ന് മാലിന്യം ഇവിടേക്ക് എത്തിച്ചതോടെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചെത്തി തടഞ്ഞു. തുടർന്ന് പഞ്ചായത്തിന്റെതന്നെ പഴയ ഓഫീസ് കെട്ടിടത്തിനോട് ചേർന്നുളള സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരിക്കുന്നതിന് സമീപം ഇവ തൽക്കാലത്തേക്ക് ഇറക്കിവെച്ചു.അടിയന്തര പൊതുയോഗത്തിനുശേഷം മാലിന്യം എവിടെ സംസ്‌ക്കരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് പ്രൊഫ.ഏലിക്കുട്ടി കുര്യാക്കോസ് പറഞ്ഞു.


മാലിന്യം വലിച്ചെറിഞ്ഞാൽ നടപടി

മാലിന്യം നിക്ഷേപത്തിന് തടസം നേരിട്ടതോടെ പഞ്ചായത്ത് ഭരണസമിതി അടിയന്തര കമ്മിറ്റി ചേർന്ന് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രസിഡന്റ് ഏലിക്കുട്ടി കുര്യാക്കോസ് പറഞ്ഞു. പഞ്ചായത്തിൽ ഹരിത സേനയുടെ പ്രവർത്തനം ഊർജ്ജിതമാക്കും. ഇവർ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കണം. ഇവ ചാക്കിലോ പ്ലാസ്റ്റിക് കവറുകളിലോ കെട്ടി റോഡരുകിൽ നിക്ഷേപിച്ചാൽ നടപടി സ്വീകരിക്കും. സി.സി കാമറകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രദേശവാസികളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിനും പദ്ധതി തയാറാക്കും.


ജനവാസകേന്ദ്രത്തിൽ മാലിന്യ നിക്ഷേപം അനുവദിക്കില്ല
അറവുമാലിന്യവും പ്ലാസ്റ്റിക് ഉൾപ്പടെയുളള മാലിന്യങ്ങളും അശാസ്ത്രീയമായ രീതിയിൽ ജനവാസകേന്ദ്രത്തിൽ നിക്ഷേപിക്കാനുളള ശ്രമം അനുവദിക്കില്ലെന്ന് തിരുവൻവണ്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എസ്.രഞ്ജിത്ത് പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയുടെ അറിവില്ലാതെയാണ് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് മാലിന്യം ഇവിടെ എത്തിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും ഒന്നാം വാർഡിലെ ഒരു പ്രദേശത്തും മാലിന്യ നിക്ഷേപത്തിന് അനുവദിക്കില്ലെന്നും എസ്.രഞ്ജിത്ത് പറഞ്ഞു.