തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഒരുക്കുന്ന മെഡി ഫെസ്റ്റ് മെഡിക്കൽ എക്‌സിബിഷൻ നാളെ മുതൽ 22 വരെ നടക്കും. ആശുപത്രി അങ്കണത്തിൽ നാളെ രാവിലെ 10ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അസുഖങ്ങളെയും രോഗ കാരണങ്ങളെയും മെഡിക്കൽ വിദ്യാഭ്യാസ മേഖലയെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജിന്റെ നാല് നിലകളിലായാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. മൗൻഷ്യ ശരീരത്തിന്റെ ഉള്ളിലുള്ള വിസ്മയ കാഴ്ചകളിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന വിവിധ സ്റ്റാളുകൾ. തലച്ചോറിനുള്ളിലെ വിസ്മയലോകം എന്നിവ എക്സിബിഷനിൽ ഉണ്ടാകും. ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കണ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, ഫുഡ് സ്റ്റാളുകൾ, ഗെയിമുകൾ, അമ്പതിൽപ്പരം സ്റ്റാളുകൾ എന്നിവയും ഉണ്ടാകും. രാവിലെ 11 മുതൽ രാത്രി 8 വരെ നടക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിലും സ്‌കൂൾ കുട്ടികൾക്ക് സൗജന്യവുമായാണ് പ്രവേശനം.