തിരുവല്ല: മനോഹരമായ കൗമാര കാലഘട്ടം വിദ്യാർത്ഥികൾ ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി പറഞ്ഞു. കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ബോധപൗർണ്ണമി ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾ ഏറെയുള്ള ഈ കാലഘട്ടത്തിൽ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് ഓരോ രക്ഷിതാക്കളും.
താൽക്കാലിക സന്തോഷം പകരുന്ന സാമൂഹിക തിന്മകളെ അവഗണിച്ച് മുന്നേറാൻ പുതുതലമുറയ്ക്ക് കഴിയണം. പുകവലി, മദ്യപാനം എന്നിവ കടന്നു ലഹരിയുടെ ലോകം നൂതന മാർഗ്ഗങ്ങളിലൂടെ യുവാക്കളെ തേടിയെത്തുകയാണ്. ആയുധവും എണ്ണയും കഴിഞ്ഞാൽ ലോകത്ത് മുന്നേറുന്ന ലഹരി വ്യാപാരത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ പുതിയ തലമുറ ദൗത്യമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖപ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് ലിബുകുമാർ, എൻ.എസ്.എസ് കോർഡിനേറ്റർ പി.വിനീത, ഫെഡറൽ ബാങ്ക് മാനേജർ ഷിജിമോൾ മാത്യു, അദ്ധ്യാപകൻ ആർ.പി.രാജിത്ത്, കേരളകൗമുദി തിരുവല്ല ലേഖകൻ അജിത്ത് കാമ്പിശ്ശേരി എന്നിവർ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ. ശ്രീകുമാർ, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻ ഡോ.ആബു വർഗീസ് എന്നിവർ ബോധവൽക്കരണ ക്ലാസ്സെടുത്തു.