pan-masala-

തിരുവല്ല: ബിയർ കുടിച്ചാൽ കുടുംബം വെളുക്കും; തൊലി വെളുക്കില്ല. വ്യാജ പ്രചാരണങ്ങളിലൂടെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവരെ തിരിച്ചറിയണമെന്ന് കുട്ടികളുടെ സംശയങ്ങൾക്ക് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ മറുപടി നൽകി. ലഹരി നുണഞ്ഞാൽ ബുദ്ധികൂടും, പാട്ടു കേൾക്കാം, അനായാസം നൃത്തം ചെയ്യാം, പ്രശസ്തി ആർജ്ജിച്ചവരുടെ കഴിവുകൾ സ്വന്തമാക്കാം എന്നിങ്ങനെയുള്ള പ്രലോഭനങ്ങളിൽ കുടുങ്ങാതെ അരുത്, വേണ്ട, പാടില്ല എന്നെക്കെ തുറന്നു പ്രതികരിക്കാൻ തയ്യാറാകണം. സ്വബോധം നശിപ്പിക്കുന്ന ലഹരിക്ക് പകരം പരന്ന വായനയും പഠനവുമാണ് തലച്ചോറിനു വേണ്ടത്. ഇതിനായി ചെറുപ്പത്തിലേ തയ്യാറെടുക്കണം. മദ്യവും മയക്കുമരുന്നും പുകയിലയുമാണ് കേരളം നേരിടുന്ന അന്ധവിശ്വാസങ്ങൾ. ലഹരിയുടെ ഉപയോഗം വർദ്ധിച്ചതിലൂടെ നമ്മുടെ ആരോഗ്യമേഖലയിലെ വളർച്ച പിന്നോട്ടായി. മദ്യപാന രോഗികൾ 17ലക്ഷം പിന്നിട്ടു. എട്ട് ലക്ഷമായി കരൾ രോഗികൾ. ഇതോടെ കേരളത്തിൽ ആശുപത്രികൾ പെരുകി. അപകടങ്ങൾ കൂടി, കുടുംബ ബന്ധങ്ങളിൽ തകർച്ച, വിവാഹ മോചനങ്ങൾ ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. ലഹരി ഉപയോഗം ഇങ്ങനെ കൂടിയാൽ പത്തുവർഷം കഴിയുന്നതോടെ പുറത്തിറങ്ങാൻപോലും കഴിയാത്തവിധം സാമൂഹികാവസ്ഥ വഷളാകും. ആഘോഷങ്ങളിലെ മദ്യസേവ നിർബന്ധമായും ഒഴിവാക്കണം. പ്രത്യാശ നശിച്ചു മദ്യപാനിയുടെ ജീവിതം വഴിമുട്ടും. നിരപരാധികളും കുടുങ്ങും. തീരാദുഃഖമാകും ഫലം. സാക്ഷര കേരളത്തിൽ ലഹരിയുടെ രാക്ഷസന്മാർ പിടിമുറുക്കിയെന്നും എം.കെ.ശ്രീകുമാർ വ്യക്തമാക്കി.

മുഖസൗന്ദര്യവും നഷ്ടമാകും
ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ വായിലെ കാൻസർ രോഗികളുടെ എണ്ണം പെരുകുകയാണെന്ന് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻ ഡോ. ആബു വർഗീസ് പറഞ്ഞു. ബോധ പൗർണ്ണമി സെമിനാറിൽ ക്ളാസ്സെടുക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ കാർന്നു തിന്നുന്ന ലഹരി ഉത്പന്നങ്ങൾ കാരണം മുഖസൗന്ദര്യം പോലും നഷ്ടപ്പെട്ട് വൈരൂപ്യനാക്കുന്നു. തുടക്കത്തിൽ ലക്ഷണങ്ങൾ കണ്ടെത്തിയാൽ വായിലെ കാൻസർ ചികിത്സിച്ചു ഭേദമാക്കാമെന്നും അദ്ദേഹം പറഞ്ഞു.