കോന്നി: കോന്നിയിൽ കെ.സുരേന്ദ്രൻ ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി പറഞ്ഞു. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവസാന ക്രമീകരണങ്ങൾ വിലയിരുത്താനും കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനുമായി എത്തിയതായിരുന്നു തുഷാർ വെളളാപ്പളളി.
കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന് കരുതിയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവർക്കനുകൂലമായ ജനവിധി ഉണ്ടായതെന്ന് തുഷാർ പറഞ്ഞു. ആ സന്ദർഭത്തിലും കെ.സുരേന്ദ്രൻ കോന്നിയിൽ ഒപ്പത്തിനൊപ്പമെത്തി. എസ്.എൻ.ഡി.പിയോഗം ആർക്കു വോട്ടു ചെയ്യണം എന്ന് ഒരുകാലത്തും പറയാറില്ല. എൻ.എസ്.എസിന്റെ ശരിദൂരം എൻ.ഡി.എക്കനുകൂലമാകും. വിശ്വാസ സംരക്ഷണത്തിന് പ്രയത്നിച്ചത് എൻ.ഡി.എ ആണെന്ന് തുഷാർ വെളളാപ്പളളി പറഞ്ഞു. തിരഞ്ഞെടുപ്പ് കാര്യാലയത്തിലെത്തിയ അദ്ദേഹത്തെ ബി.ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. പഴംതോട്ടം ഓർത്തഡോക്സ് പള്ളി അസി. വികാരി ഫാ.കെ വർഗീസും ചടങ്ങിൽ സംബന്ധിച്ചു.
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ കെ.പത്മകുമാർ, പൈലി വാധ്യാട്ട്, സെക്രട്ടറി ടി.പി.സുന്ദരേശൻ, സോമരാജൻ, സുരേഷ് തരംഗിണി, നോബൽ കുമാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.