മൈലപ്ര: മാനവ സേവാ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൈലപ്ര ശ്രീ ദുർഗാ ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന മഹാചണ്ഡികാ യാഗത്തിൽ ഇന്നലെ മഹാഗണപതി ഹോമം, പഞ്ചദുർഗാ ഹോമം, അന്നപൂർണ്ണേശ്വരീ പൂജ എന്നിവ നടന്നു. ദേവിയെ പഞ്ച ദുർഗാ ഭാവത്തിൽ പൂജിക്കുന്ന പഞ്ച ദുർഗാ ഹോമത്തിൽ പങ്കാളികളാകാൻ നിരവധി ഭക്തജനങ്ങളാണ് യാഗശാലയിൽ എത്തിയത്. പഞ്ച ദുർഗമാരെ സങ്കൽപ്പിച്ച് മന്ത്രോച്ചാരണങ്ങളോടെ അഞ്ച് പട്ട് ഉടയാടകളും മറ്റ് പൂജാ ദ്രവ്യങ്ങളും അഗ്നിക്ക് സമർപ്പിക്കുന്ന മഹാ പഞ്ചദുർഗാ ഹോമത്തിൽ പങ്കെടുക്കുന്നതിലൂടെ ശത്രുദോഷ നിവാരണം, മംഗല്യഭാഗ്യം, സന്താന ലബ്ദ്ധി, ദേവീ പ്രീതി തുടങ്ങിയ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം വാസ്തു ശാസ്ത്ര പണ്ഡിതൻ മോഷഗിരി മഠം വാസ്തുഭൂഷൺ രമേശ് ശർമ്മയും, അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമ്യത ചൈതനയും അദ്ധ്യാത്മിക പ്രഭാഷണം നടത്തി. കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ യാഗാചാര്യനായി നടക്കുന്ന മഹാ ചണ്ഡികാ യാഗം ഞായറാഴ്ച സമാപിക്കും.