കോന്നി: ഫലം പ്രവചനാതീതമായ ത്രികോണപ്പോരാട്ടത്തിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്നവസാനിക്കും. നാളെ നിശബ്ദ പ്രചാരണം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കലാശക്കൊട്ടിനായി മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും കോന്നി സെൻട്രൽ ജംഗ്ഷനിലെത്തും. ജെ.സി.ബിയും ലോറികളും കലാശക്കൊട്ടിൽ നിരോധിച്ചിട്ടുണ്ടെങ്കിലും വിസ്മയിപ്പിക്കുന്ന പ്രചാരണ സാമഗ്രികളുമായിട്ടാകും അവസാന നിമിഷങ്ങളെ മുൾമുനയിൽ നിറുത്തുക. ആവേശം അതിര് വിട്ട് സംഘർഷമുണ്ടാകാതിരിക്കാൻ മൂന്നു മുന്നണികൾക്കും പൊലീസ് പ്രത്യേകം സ്ഥലം തിരിച്ചു നൽകിയിട്ടുണ്ട്. കോന്നി - ആനക്കൂട് റോഡിലാണ് യു.ഡി.എഫ് കേന്ദ്രീകരിക്കേണ്ടത്. കോന്നി - പുനലൂർ റോഡ് എൽ.ഡി.എഫിനും കോന്നി - പൊലീസ് സ്റ്റേഷൻ റോഡ് എൻ.ഡി.എയ്ക്കും അനുവദിച്ചിട്ടുണ്ട്.

നിയന്ത്രണം വൈകിട്ട് നാല് മുതൽ

കലാശക്കൊട്ടിനോടനുബന്ധിച്ച് കോന്നി ടൗണിൽ ഇന്ന് വൈകിട്ട് നാല് മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുനലൂർ ഭാഗത്ത് നിന്ന് പത്തനംതിട്ടയ്ക്കുളള വാഹനങ്ങൾ വകയാർ കോട്ടയം മുക്ക് പൂവൻപാറ എന്നീ ജംഗ്ഷനുകളിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൂങ്കാവ് വഴി പോകണം. പത്തനംതിട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ മല്ലശേരി മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പൂങ്കാവ് വഴി ചൈനാമുക്കിലേക്ക് പോകണം. തണ്ണിത്തോട് നിന്ന് വരുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷന് കിഴക്ക് വശത്തെ റോഡിലൂടെ മരൂർ പാലം വഴി പോകണം. തണ്ണിത്തോട് - വെട്ടൂർ റൂട്ടിലൂടെ വരുന്ന ബസുകൾ ഫയർ സ്റ്റേഷന് സമീപം ആളുകളെ ഇറക്കി തിരികെ പോകണം. വൈകിട്ട് ആറിന് ശേഷം ഗതാഗതം പഴയരീതിയിലാകും.