കോന്നി: മതങ്ങൾ രാഷ്ട്രീയ വത്കരിക്കുമ്പോഴാണ് വർഗീയതയായി മാറുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് കോന്നി താഴം മേഖല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോർപ്പറേറ്റുകളെ സഹായിക്കുന്ന നയത്തിന്റെ ഉപോത്പന്നമാണ് വർഗീയത. ജനാധിപത്യത്തിൽ മനുഷ്യന് കിട്ടിയ വജ്രായുധമാണ് വോട്ട്. എന്നാൽ പല രാജ്യത്തും ഇത് ഇല്ല. ജനാധിപത്യം ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. എന്നാൽ നാളെയും ഇത് ഉണ്ടാകണമെങ്കിൽ ജനാധിപത്യ മതേതരത്വം ഇന്ത്യയിൽ നിലനിൽക്കണം. ഇന്ന് പശുവിനും ഭാഷയ്ക്കും വേഷത്തിനും വേണ്ടി ജനങ്ങൾ മരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇന്നലെ നിങ്ങളുടെ കയ്യിലുണ്ടായിരുന്ന പണം ഇന്ന് നിങ്ങളുടെ കൈയിലില്ല. നോട്ടിനെ എല്ലാവർക്കും ഇഷ്ടമാണ്. അതുകൊണ്ട് നോട്ട് നശിക്കില്ല. അങ്ങനെയെങ്കിൽ നരേന്ദ്രമോദി പിൻവലിച്ച നോട്ട് രാജ്യത്തുണ്ടെങ്കിൽ രാജ്യം വളരണം. എന്നാൽ ഇന്ത്യ തളരുകയാണ്. നോട്ട് നിരോധനത്തിൽ സാധാരണക്കാരന്റെ വാങ്ങൽ ശേഷി കുറയുന്നു. എന്നാൽ, കോർപ്പറേറ്റുകളുടെ പണം വർദ്ധിച്ചു. കോൺഗ്രസും ഇതിന് വഴിയൊരുക്കി. കോൺഗ്രസും ബി.ജെ.പി യും ഒരേ നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എ.ദീപകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, എ.പ്രദീപ് കുമാർ എം.എൽ.എ, ഫ്രാൻസിസ് പി ആന്റണി,എം എസ് ഗോപിനാഥൻ,ജിജോ മോഡി,ആർ ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.