ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങൾക്കൊപ്പം കോന്നിയും നാളെ പോളിംഗ് ബൂത്തിൽ എത്തുകയാണ്. ത്രികോണപ്പോരാട്ടം പാെടിപാറുന്ന കോന്നിയിൽ എൻ.ഡി.എയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളിയുമെത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പത്മകുമാർ, തഴവ സഹദേവൻ, ജനറൽ സെക്രട്ടറി പൈലി വാധ്യാർ, ജില്ലാ പ്രസിഡന്റ് ഡോ.എ.വി.ആനന്ദരാജ് എന്നിവർക്കാണ് മണ്ഡലത്തിന്റെ ചുമതല. തുഷാറും കേരളകൗമുദിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:

? കോന്നിയിൽ എൻ.ഡി.എയ്ക്ക് വിജയ സാദ്ധ്യതയുണ്ടോ.

എൻ.ഡി.എ അഞ്ച് മണ്ഡലങ്ങളിലും ജയിക്കും. അതിന് കാരണമുണ്ട്. ഇന്ത്യ കോൺഗ്രസ് ഭരിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയത്. കേരളത്തിൽ നിന്നാണ് ഇന്ത്യയു‌ടെ പ്രധാനമന്ത്രി എന്നും പ്രചരിപ്പിച്ചു. ആ പ്രതികൂല സാഹര്യത്തിൽ പോലും കോന്നിയിൽ ഏതാണ്ട് മൂവായിരത്തോളം വോട്ടുകളുടെ വ്യത്യാസമാണ് യു.ഡി.എഫും എൻ.ഡി.എ സ്ഥാനാർത്ഥിയും തമ്മലുണ്ടായിരുന്നത്. ഇന്ന് സാഹചര്യങ്ങൾ മാറി. എൻ.ഡി.എ വലിയ തോതിൽ മുന്നേറ്റം നടത്തി. ഇന്ത്യ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ആ വളർച്ച കേരളത്തിലും ഉണ്ടായേ പറ്റൂവെന്ന തിരിച്ചറിവ് മലയാളികൾക്കുണ്ട്.

? കെ.സുരേന്ദ്രന് എത്ര വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിലേതിനേക്കാൾ മൂവായിരം വോട്ടുകൾ കൂടി മറികടക്കുകയെന്നത് എളുപ്പമാണ്. സൂചനകൾ സുരേന്ദ്രൻ ജയിക്കുമെന്ന് തന്നെയാണ്. അയ്യായിരത്തിനും പതിനായിരത്തിനുമിടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഞങ്ങളുടെ വലിയിരുത്തൽ.

? പാർലമെന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയില്ലേ.

ജനങ്ങൾ വലിയ തിരിച്ചറിവിന്റെ ലോകത്താണ്. രാജ്യത്തിന്റെ മുന്നേറ്റം മനസിലാക്കുന്നവർ എൻ.ഡി.എയ്ക്ക് വോട്ടു ചെയ്യും. കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്ന പ്രചാരണം കാരണമാണ് പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളിൽ എൻ.ഡി.എ വിജയിക്കാതിരുന്നത്. ഇന്ന് സ്ഥിതി മാറി. നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളുടെ പ്രയോജനം കോന്നിയിലെ ജനങ്ങൾക്കും ലഭിച്ചിട്ടുണ്ട്. ആയുഷ്മാൻ പദ്ധതി, കിസാൻ സമ്മാൻ പദ്ധതി, ഉജ്വല യോജന, സൗജന്യ ഗ്യാസ് കണക്ഷൻ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി, ദീൻ ദയാൽ ഗ്രാമ യോജന, മുദ്ര ലോൺ തുടങ്ങിയവയിലൂടെ മണ്ഡലത്തിലെ പതിനായിരങ്ങൾക്ക് സഹായകമായിട്ടുണ്ട്.

? ശബരിമല വിഷയത്തിന് ഇപ്പോൾ പ്രസക്തിയുണ്ടോ

തീർച്ചയായും ഉണ്ട്. വിശ്വാസികൾക്ക് വേണ്ടി ത്യാഗം സഹിച്ചതാരണെന്ന് എല്ലാവർക്കും അറിയാം. യു.ഡി.എഫ് കരയ്ക്കിരുന്ന് കളികണ്ട ശേഷം അവരുടെ വിജയമെന്ന് അവകാശപ്പെടുകയായിരുന്നു. നടന്ന കാര്യങ്ങൾ വിശ്വാസികളുടെ മനസിൽ ഇപ്പോഴുമുണ്ട്. ആചാര സംരക്ഷണത്തിനു വേണ്ടി പ്രക്ഷോഭരംഗത്തിറങ്ങി തല്ല് കൊളളുകയും ജയിലിൽ കിടക്കുകയും ചെയ്ത കെ.സുരേന്ദ്രനെപ്പോലുളളവരുടെ ത്യാഗം ജനങ്ങൾ മറക്കില്ല. ഇത് ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇന്നു ഹിന്ദുക്കൾ നേരിടേണ്ടി വരുന്നത് നാളെ ക്രിസ്ത്യാനിക്കും മുസ്ളീമിനുമുണ്ടാകും.

? ഒാർത്തഡോക്സ് സഭയുടെ അനുകൂല നിലപാട് പോളിംഗിൽ പ്രതിഫലിക്കുമോ

ഒാർത്തഡോക്സ് സഭയെ ഇടത്, വലത് മുന്നണികൾ ദ്രോഹിച്ചുവെന്നും ബി.ജെ.പിയാണ് സഹായിച്ചതെന്നും അവർ പരസ്യമായി പറഞ്ഞിട്ടുണ്ട്. കോന്നിയിൽ അവർ എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിക്കുന്നുമുണ്ട്.

? എൻ.എസ്.എസിന്റെ ശരിദൂരമാേ.

എൻ.എസ്.എസ് നിലപാട് എൻ.ഡി.എയ്ക്ക് അനുകൂലമായിത്തന്നെ വരും. എൻ.എസ്.എസ് ആർക്കും വേണ്ടി ഒരു നിലപാട് എടുത്തിട്ടില്ല.

? ബി.ഡി.ജെ.എസ് മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്.

ഞാൻ രണ്ട് ദിവസം മണ്ഡലത്തിലുണ്ടായിരുന്നു. കുടുംബയോഗങ്ങളിൽ പങ്കെടുത്തു. നിയോജക മണ്ഡലം സമ്മേളനം നടന്നു. പഞ്ചായത്ത് തലത്തിലെ ഭാരവാഹികളുടെ യോഗം വിളിച്ചു കൂട്ടി. 25യോഗങ്ങളിൽ സംസാരിച്ചു. ബൂത്ത് തലം മുതൽ ഞങ്ങളുടെ പ്രവർത്തനം ശക്തമായി നടന്നു.