പത്തനംതിട്ട: യു.ഡി.എഫിന് പോൾ ചെയ്ത വോട്ടെല്ലാം കള്ളവോട്ടാണെന്ന് യു.ഡി.എഫ് തന്നെ പറയുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനായിരത്തിലേറെ വോട്ടുകൾ ഇരട്ടിച്ചുവെന്ന് യു.ഡി.എഫ് പറയുന്നു. ഇത്തവണ പുതുതായി ചേർത്ത വോട്ടുകൾ 3251 മാത്രമാണ്. ആവർത്തിച്ചുവെന്ന് പറയുന്നത് വോട്ടല്ല, ആളുകളുടെ പേരാണ്. ഒരേ പേരിലുള്ള പല ആളുകൾ ഉണ്ടാവും. പക്ഷേ ഇവർ വ്യത്യസ്ത വിലാസത്തിലുള്ളവരാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കള്ളവോട്ട് ചെയ്യിച്ചുവെന്ന് രമേശ് ചെന്നിത്തലയടക്കം പറഞ്ഞു. ഫലം വന്നപ്പോൾ യു.ഡി.എഫ് ജയിച്ചു. ഇങ്ങനെ അവർക്ക് കിട്ടിയ വോട്ടുകളെല്ലാം കള്ളവോട്ടുകളാണെന്ന് അവർ തന്നെ പറയുകയാണ്.
ഉപതിരഞ്ഞെടുപ്പിൽ തോൽക്കും എന്നുറപ്പായപ്പോൾ സ്ഥാനാർത്ഥിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുന്നു. സമരങ്ങളിൽ പങ്കെടുത്തപ്പോൾ ഉള്ള കേസുകളാണ് സ്ഥാനാർത്ഥിക്കെതിരെയുള്ളത്. അത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എല്ലാവർക്കും ഉണ്ടാകുന്നതാണ്. ഇതൊക്കെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഉപയോഗിക്കുന്നത് നല്ലതല്ല. കള്ളപ്രചാരണങ്ങൾ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ശൈലിയാണ്. ഇത്തരം പ്രചാരണങ്ങൾ യോഗം കൂടിയാണ് അവർ തീരുമാനിക്കുന്നത്.
യു.ഡി.എഫും ബി.ജെ.പിയും മതചിഹ്നങ്ങൾ വരെ ഉപയോഗിക്കുന്നു. കാതോലിക്കാബാവയുടെ ചിത്രമടക്കം ഉപയോഗിച്ചാണ് പ്രചാരണം. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.
നാടിന്റെ വികസനകാര്യങ്ങൾ, ദേശീയ രാഷ്ട്രീയം, മണ്ഡലത്തിൽ സർക്കാർ നടത്തിയ വികസനം എന്നിവ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. .
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനന്തഗോപൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.