കോന്നി: തോരാത്ത തുലാമഴയിലും ആവേശം അണയാതെ കോന്നിയിലെ തീപാറിയ പരസ്യ പ്രചാരണത്തിന് കലാശക്കൊട്ടായി. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ എം.എം. മണി , കെ.രാജു എന്നിവർ നേതൃത്വം നൽകിയപ്പോൾ കലാശക്കൊട്ടിന് ആവേ ശം ഇരട്ടിയായി. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി മൂന്നുമുന്നണികളുടെയും പ്രവർത്തകർ കോന്നിയിലേക്ക് എത്തിക്കൊണ്ടിരുന്നു. നാലു മണിക്ക് ഗതാഗതം നിയന്ത്രിച്ച് നാലു റോഡിലും പൊലീസ് ബാരിക്കേഡുകൾ തീർത്തു . നാട്ടുകാരും പാർട്ടി പ്രവർത്തകരും കെട്ടിടങ്ങളുടെ മുകളിൽ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. കോന്നി - പത്തനാപുരം റോഡിൽ എൽ.ഡി.എഫ് പ്രവർത്തകർക്കൊപ്പം വാഹനത്തിന് മുകളിൽ സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറും മന്ത്രിമാരായ എം.എം.മണി, കെ.രാജു, എം.എൽഎമാരായ എ.പ്രദീപ് കുമാർ, വീണാ ജോർജ്, ചിറ്റയം ഗോപകുമാർ എന്നിവരും അണിനിരന്നു.
കോന്നി - ചന്ദനപ്പള്ളി റോഡിൽ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം സ്ഥാനാർത്ഥി പി.മോഹൻരാജ്, ആന്റോ ആന്റണി എം.പി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ, കൺവീനർ സന്തോഷ് കുമാർ എന്നിവരും കോന്നി - പത്തനംതിട്ട റോഡിലും, കോന്നി - തണ്ണിത്തോട് റോഡിലും എൻ.ഡി.എ പ്രവർത്തകർക്കൊപ്പം സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളിധരൻ , ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അശോകൻ കുളനട തുടങ്ങിയവരും അണിനിരന്നു. നാലരയോടു കൂടി പെയ്ത കനത്ത മഴയ്ക്കും ആവേശം ചോർത്താനായില്ല. ഇടയ്ക്ക് യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കലാശക്കൊട്ടിനായി മൂന്ന് മുന്നണികൾക്കും മൂന്ന് റോഡുകളിൽ ഇടംഒരുക്കിയിരുന്നു. നാലാമത്തെ റോഡുകൂടി യു.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ കൈയേറിയതാണ് സംഘർഷത്തിന് കാരണമായത്. കലാശക്കൊട്ടിൽ അടൂർ പ്രകാശ് എം.പി യുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു.