ആകെ വോട്ടർമാർ : 1,98,974

സ്ത്രീകൾ : 1,04, 423

പുരുഷൻമാർ : 93,533

ട്രാൻസ്ജെൻഡർ : 1

സർവീസ് വോട്ട്: 1018

പ്രവാസി വോട്ട്: 770

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ കോന്നിയിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 1,98,974 വോട്ടർമാരാണ് മണ്ഡലത്തിലുളളത്. ആറ് മാസം മുൻപ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ 3251വോട്ടർമാർ കൂടുതലായുണ്ട്.

മാറിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഇന്നത്തെ വോട്ടെടുപ്പ്. വാശിയേറിയ ത്രികോണ മത്സരത്തിൽ മണ്ഡലം എങ്ങോട്ട് ചായുമെന്ന ആകാംക്ഷയാണ് മണ്ഡലത്തിൽ. 23 വർഷമായി കൈവശമിരിക്കുന്ന മണ്ഡലം പി.മോഹൻരാജിലൂടെ നിലനിറുത്താനാണ് യു.ഡി.എഫിന്റെ പരിശ്രമം. പാലപോലെ വീണു കിട്ടിയ അവസരത്തിലൂടെ കോന്നിയെ തിരികെപ്പിടിക്കാൻ എൽ.ഡി.എഫ് യുവ സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിനെയാണ് മത്സരിപ്പിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും കോന്നിയിൽ നടത്തിയ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൻ.ഡി.എയ്ക്ക് പ്രതീക്ഷക്ക് വക നൽകുന്നത്. കെ.സുരേന്ദ്രനെ തന്നെ രംഗത്തിറിക്കി കോന്നിയുടെ ചരിത്രം തിരുത്താനുളള ശ്രമത്തിലാണവർ.

കോന്നിയിലെ എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പക്കപ്പെട്ടതിനാണ് ഉപതിരഞ്ഞടുപ്പ് വേണ്ടിവന്നത്.

112 കേന്ദ്രങ്ങൾ, 212 ബൂത്തുകൾ

112 കേന്ദ്രങ്ങളിലായി 212 പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കും. ഭൂരിഭാഗം ബൂത്തുകളും ഗ്രാമപ്രദേശങ്ങളിലാണ്. മണ്ഡലത്തിലെ അഞ്ച് പോളിംഗ് ബൂത്തുകൾ മാതൃക പോളിംഗ് ബൂത്തുകളായിരിക്കും.ജി.എച്ച്.എസ്.എസ് കോന്നി, ഗവ.എൽ.പി സ്‌കൂൾ കോന്നി, ഗവ.എൽ.പി സ്‌കൂൾ വള്ളിക്കോട് മായാലിൽ, പി.ഡി.യു.പി സ്‌കൂൾ, ന്യൂമാൻ സെൻട്രൽ സ്‌കൂൾ മനഗോട് എന്നിവിടങ്ങളിലായിരിക്കും മാത്രക പോളിംഗ് ബൂത്തുകൾ. കോന്നി എലിയറക്കൽ അമൃത വി.എച്ച്.എസ് സ്‌കൂളിലെ ബൂത്തുകൾ പൂർണമായും വനിതകൾ മാത്രം കൈകാര്യം ചെയ്യും.

വോട്ടെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

പി.ബി.നൂഹ്

ജില്ലാ കളക്ടർ

>>>

കേന്ദ്രസേനയും രംഗത്ത്

മണ്ഡലത്തിലെ 212 പോളിംഗ് ബൂത്തുകളിൽ 22 പ്രശ്‌നബാധിത ബൂത്തുകളും നാല് പ്രശ്‌ന സാധ്യത ബൂത്തുകളുമാണുള്ളത്. ഈ ബൂത്തുകളിൽ സാധാരണ സുരക്ഷാ ഡ്യൂട്ടിയുളള ഉദ്യോഗസ്ഥർക്ക് പുറമേ ഒരു പൊലീസുകാരനെകൂടി നിയോഗിക്കും. ഡിവൈ.എസ്.പി, സി.ഐ, എസ്‌.ഐ ഉൾപ്പെടെ കോന്നിയിൽ മൊത്തം 681 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. 30 കേന്ദ്രസേനാംഗങ്ങളും 160 ആംഡ് പൊലീസും ഡ്യൂട്ടിക്കുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളിൽ സുരക്ഷയ്ക്കായി കേന്ദ്രസേനയുടെ നാലു പേരടങ്ങുന്ന രണ്ടു സംഘങ്ങൾ പട്രോളിംഗ് നടത്തും.
വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫസ്റ്റ് ഗാർഡിൽ കേന്ദ്രസേനയുടെ സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കും. രണ്ടാം ശ്രേണിയിൽ ആംഡ് പൊലീസും മൂന്നാം ശ്രേണിയിൽ ലോക്കൽ പൊലീസും സുരക്ഷയൊരുക്കും.