പത്തനംതിട്ട: കോന്നിയിലെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ പേരിൽ വീഡിയോ വിവാദം. ഒാർത്തഡോക്സ് സഭയിലെ ഒരു വിഭാഗം എൻ.ഡി.എയ്ക്ക് പരസ്യപിന്തുണ പ്രഖ്യപിച്ചതിന് പിന്നാലെ സുരേന്ദ്രന്റെ ചിത്രത്തിനൊപ്പം ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്റെ ചിത്രവും ഔദ്യോഗിക ചിഹ്നവും പ്രദർശിപ്പിച്ച് ക്രിസ്ത്രീയ ഗാനത്തിന്റെ ഈണത്തിൽ ഗാനവും വീഡിയോയും സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതായാണ് പരാതി. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.ഓമല്ലൂർ ശങ്കരനും യു. ഡി.എഫ് മീഡിയ കമ്മിറ്റി കൺവീനർ സലിം പി.ചാക്കോയുമാണ് പരാതി നൽകിയത്.
അതേസമയം, കെ.സുരേന്ദ്രന്റെ പേരിൽ വ്യാജ വീഡിയോ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് എൻ.ഡി.എ ചീഫ് ഇലക്ഷൻ ഏജന്റ് വി.എസ് ഹരീഷ് ചന്ദ്രൻ ഡി.ജി.പിക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി. വ്യാജവീഡിയോ നിർമ്മ ച്ച് സുരേന്ദ്രനെതിരെ എതിരാളികൾ പരാതി നൽകുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. ഭാരതീയ ജനതാ പാർട്ടി എന്നതിനുപകരം ഭാരത ജനത പാർട്ടി എന്നാണ് വീഡിയോയിൽ ആലേഖനം ചെയ്തിരിക്കുന്നത്.
തന്റെ വിജയം ഉറപ്പായതിനാൽ വ്യക്തിഹത്യ ചെയ്യാനാണ് വ്യാജ വീഡിയോ പുറത്തിറക്കിയതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം അവസാനിച്ചപ്പോഴാണ് വീഡിയോ പുറത്തുവന്നത്.