കോന്നി: നിശബ്ദ പ്രചാരണ ദിവസമായിരുന്ന ഇന്നലെ സ്ഥാനർത്ഥികൾ ചിഹ്നം ഒാർമിപ്പിച്ച് വോട്ടുറപ്പിക്കാനുളള ഒാട്ടത്തിലായിരുന്നു. ഒറ്റ ദിവസം കൊണ്ട് മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലുമെത്തി. ഇന്നലെ ഞായറാഴ്ച ആയിരുന്നതിനാൽ ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിക്കുകയും ചെയ്തു. ക്ഷേത്രങ്ങളിലുമെത്തി. ആളുകൂടിയ സ്ഥലങ്ങളിലും കടകളിലുമെല്ലാം ഒാടിയെത്തി വോട്ട് ചോദിച്ചു. ഇതിനിടയിൽ മരണ വീടുകളും സന്ദർശിച്ചു. രാത്രി വൈകിയും പ്രമുഖ വ്യക്തികളെയും സുഹൃത്തുക്കളെയും കണ്ടുവോട്ട് ചോദിച്ചു.

മുന്നണികളുടെ പ്രവർത്തകർ സ്ക്വാഡുകളായി തിരിഞ്ഞ് അവസാന വട്ട വോട്ടഭ്യർത്ഥനയും സ്ളിപ്പ് വിതരണവും നടത്തി.

വോട്ട് ജനീഷിന് മാത്രം

എൽ.ഡി.എഫ് സഥാനാർത്ഥി കെ.യു.ജനീഷ് കുമാർ കുടുംബസമേതം സീതത്തോട് പഞ്ചായത്തിലെ വാലുപാറ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ ഏഴ് മണിയോടെ വോട്ട് രേഖപ്പെടുത്തും. തുടർന്ന് ബൂത്തുകൾ സന്ദർശിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജിനും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനും മണ്ഡലത്തിൽ വോട്ടില്ല. ഇരുവരും രാവിലെ മുതൽ ബൂത്തുകൾ സന്ദർശിക്കും.