aswin
അശ്വിൻ

തിരുവല്ല : പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ മരുന്ന് നിറച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് പൊലീസിന്റെ പിടിയിൽ. കോയിപ്രം മലനട ക്ഷേത്രത്തിന് സമീപം ഉഴിയൂഴത്തിൽ അശ്വിൻ (18) ആണ് അറസ്റ്റിലായത്. പരുമല തിക്കപ്പുഴ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ 9ന് പരുമല പാലത്തിനോട് ചേർന്ന് നടപ്പാതയ്ക്കായി നിർമ്മിച്ച പാലത്തിന്റെ മദ്ധ്യഭാഗത്തായിരുന്നു സംഭവം. ബലമായി പിടിച്ചുനിറുത്തി പെൺകുട്ടിയുടെ ഇടതു കൈത്തണ്ടയിൽ മരുന്ന് നിറച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തുകയായിരുന്നു.തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെൺകുട്ടിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിവരുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ പെൺകുട്ടി യുവാവിനോട് പ്രതികരിച്ചതുമാണ് അക്രമണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.