ചെങ്ങന്നൂർ: കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞുവീണ് നിർമ്മാണത്തിലിരുന്ന വീട് ഭാഗീകമായി തകർന്നു. മുളക്കുഴ കാരക്കാട് എരുമാലയിൽ ജയനിവാസിൽ വിശ്വനാഥൻ ആചാരിയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി 8നാണ് അപകടം. ഈസമയം ഈ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഉലകത്തിൽ മലയുടെ ചരിവു ഭാഗമായ എരുമാലയിൽ മണ്ണെടുത്തുമാറ്റിയാണ് വിശ്വനാഥൻ ആചാരി വീടുനിർമ്മിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ മഴയെ തുടർന്നാണ് തിട്ടയിടിഞ്ഞ് മണ്ണ് വീടുനിൽക്കുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. വീടിന്റെ ജനൽപ്പാളിയും ഷെയ്ഡും തകർന്ന് മണ്ണ് മുറിക്കുളളിലേക്ക് വീണു. വീടിന്റെ ഭിത്തിക്ക് വലിയ തോതിൽ വിളളലുണ്ടായി. പ്രധാനമന്ത്രി ആവാസ് യോചന പ്രകാരം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ചാണ് വീടുവെച്ചിരുന്നത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തി ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തുകയും വീണ്ടും ഇവിടെ മണ്ണിടിഞ്ഞുവീണ് അപകടമുണ്ടാകാൻ സാദ്ധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏകദേശം ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യത ഉണ്ടെന്നുളള നിർദ്ദേശത്തെ തുടർന്ന് ഈ ഭാഗത്തെ അപകട ഭീഷണി ഉയർത്തിനിൽക്കുന്ന മൺതിട്ടകൾ ഇടിച്ചു നീക്കാനുളള അനുമതിക്കായി വാർഡ് അംഗം ബിന്ദു ജിയോളജി വകുപ്പിൽ അപേക്ഷ നൽകി.