തിരുവല്ല: മഴ പെയ്താൽ തിരുവല്ല പുഷ്പഗിരി റെയിൽവേ ക്രോസിനു സമീപത്തെ വീടുകളിൽ വെള്ളക്കെട്ട് പതിവാകുന്നു. മഞ്ഞാടി പുഷ്പഗിരി റോഡിൽ നഗരസഭയിലെ 14-ാം വാർഡിൽ റെയിൽവേ ക്രോസിന് താഴോട്ടുള്ള ഭാഗത്തെ താഴ്ന്ന പ്രദേശത്തും തീപ്പനി ഭാഗത്തുമുള്ള പതിനഞ്ചോളം വീടുകളാണ് ദുരിതത്തിലായിരിക്കുന്നത്. റെയിൽവേയുടെയും തിരുവല്ലാ നഗരസഭയുടെയും അനാസ്ഥ മൂലമാണ് തങ്ങൾക്ക് ഈ ദുരിതമെന്നാണ് നാട്ടുകാരുടെ ആരോപണം. സതേൺ റെയിൽവേയുടെ തിരുവന്തപുരം ഡിവിഷന് കീഴിൽ വരുന്ന ഈ പ്രദേശത്ത് ട്രാക്ക് ഇരട്ടിപ്പിക്കലിന് വേണ്ടി സ്ഥലം നല്കിയവർക്കാണ് ഈ ദുർഗതി വന്നിരിക്കുന്നത്. ട്രാക്കിന്റെ സംരക്ഷണത്തിനായി റെയിൽവേ ഈ ഭാഗത്ത് ഭീമൻ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിരുന്നു. ഇതൊടെ ഈ ഭാഗത്തു കൂടി ഒഴുകി വരുന്ന വെള്ളം പോകാൻ മറ്റു മാർഗങ്ങൾ ഇല്ലാതെയായി.ഇതു മൂലം റെയിൽവേയുടെ സംരക്ഷണ ഭിത്തികളും തകർച്ചയുടെ വക്കിലാണ്. കട്ടത്തറയിൽ കെ.എസ് ദാനിയേൽ, കുന്നത്ര തെക്കേതിൽ ശാന്തമ്മ, രാജാസ് വീട്ടിൽ രാജു, പൊളച്ചിറയിൽ വിജയൻ, കുറ്റിപ്പറമ്പിൽ ടി.കെ ഗൗരി, ഇരട്ടപ്ലാമൂട്ടിൽ എലിയാമ്മ യോഹന്നാൻ എന്നിവരുടെ വീടുകളാണ് വെള്ളപ്പൊക്ക ഭീഷണിയിലായത്.
അറിയില്ലെന്ന് നഗരസഭയും റെയിൽവേയും
തിരുവല്ല നഗരസഭയുടെയും റെയിൽവേയുടെയും അനാസ്ഥയാണ് തങ്ങളെ ഈ ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ തങ്ങളല്ല റെയിൽവേയാണ് നടപടികൾ സ്വീകരിക്കേണ്ടതെന്ന് പറഞ്ഞു നഗരസഭയും കൈ മലർത്തുന്നു.
ഓടനിർമ്മാണത്തിലെ അശാസ്ത്രീയത
റെയിൽവേ ഈ ഭാഗത്ത് പുതിയ പാലവും ഓടയും നിർമ്മിച്ചതിലെ അശാസ്ത്രീയതയാണ് ഓടയിൽക്കൂടി വെള്ളംപോകാത്തതിന് പ്രധാന കാരണം. മഞ്ഞാടി ഭാഗത്തുള്ള പ്രമുഖ ബേക്കറിയുടെ ബോർമ്മായിൽ നിന്നും സമീപത്തുള്ള ഫ്ളാറ്റുകളിൽ നിന്നും തള്ളുന്ന കോഴി വേസ്റ്റുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വന്ന് അടിയുന്നത് ഈ പ്രദേശത്താണ്. പ്രദേശത്ത് സാംക്രമിക രോഗങ്ങൾ പടരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഈ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് റെയിൽവേയും തിരുവല്ല നഗരസഭയും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്ത പക്ഷം തിരുവല്ല പുഷ്പഗിരി റെയിൽവേ ലെവൽ ക്രോസിൽ ട്രെയിൻ ഉപരോധിക്കുന്ന സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.