sabarimala-temple-

ശബരിമല: ശബരിമലയിൽ വ്യാപാരത്തിനായി കടമുറികളും സ്ഥലവും ലേലത്തിലെടുക്കാൻ ആളില്ല. കൊപ്ര ഉൾപ്പെടെയുള്ള സാധനങ്ങളും ലേലം ചെയ്യാൻ കഴിയുന്നില്ല. ഇതോടെ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധിയിലായി. പ്ലാപ്പള്ളി മുതൽ സന്നിധാനം വരെയുള്ള കടമുറികളും സ്ഥലവും ലേലം ചെയ്യാൻ രണ്ടു തവണയാണ് ഇ-ടെൻഡർ ക്ഷണിച്ചത്. പക്ഷേ ലേലത്തിനെത്തിയത് വളരെക്കുറച്ചുപേർ മാത്രമാണ്. കഴിഞ്ഞ മണ്ഡല കാലത്ത് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ കാരണം വ്യാപാരികൾക്ക് വൻ നഷ്ടമാണ് നേരിടേണ്ടിവന്നത്. ഇത്തവണയും നഷ്ടം സംഭവിക്കുമെന്ന ആശങ്ക മൂലമാണ് കച്ചവടക്കാർ വിട്ടുനിൽക്കുന്നത്. കഴിഞ്ഞ തവണ 38 കോടിയോളം രൂപയ്ക്കാണ് കടമുറികളും സ്ഥലവും ലേലത്തിൽ പോയത്. പക്ഷേ ഇത്തവണ ഇതുവരെ 7 കോടിയിൽ താഴെ മാത്രമാണ് ഈ ഇനത്തിൽ ബോർഡിന് ലഭിച്ചത്. 213 കടമുറികളിൽ 58 എണ്ണം മാത്രമാണ് ലേലത്തിൽ പോയത്. ഇവയിൽ മിക്കവയും നിലയ്ക്കലിലേതാണ്. . സന്നിധാനത്തു മാത്രം ചെറുതും വലുതുമായ 11 ഹോട്ടലുകളും മൂന്ന് ടീ സ്റ്റാളുകളുമുണ്ട്. ഇവ ലേലത്തിലെടുക്കാൻ ആരും മുന്നോട്ടുവന്നില്ല.

കഴിഞ്ഞ സീസണിൽ കൊപ്രാ ലേലത്തിൽ മാത്രം 6.36 കോടി രൂപയാണ് ദേവസ്വം ബോർഡിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ നഷ്ടം കാരണം കൊപ്ര ലേലത്തിലെടുക്കാനും ഇത്തവണ ആരും തയ്യാറായില്ല. കഴിഞ്ഞ തവണ നഷ്ടം മൂലം ഭൂരിപക്ഷം വ്യാപാരികളും ലേലത്തുകയുടെ രണ്ടാം ഗഡു അടച്ചില്ല. ഇതിനെതിരെ ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്തവണ ഇത് സംഭവിക്കാതിരിക്കാൻ ലേലത്തിന് പുതിയ വ്യവസ്ഥ വച്ചിട്ടുണ്ട്. ലേലംകൊള്ളുന്ന വ്യക്തി 5 ദിവസത്തിനകം 50 ശതമാനം തുക അടയ്ക്കണമെന്നും ബാക്കി ബാങ്ക് ഗ്യാരണ്ടി നൽകണമെന്നുമാണ് വ്യവസ്ഥ. ഇതും വ്യാപാരികൾ ലേലത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായി. മണ്ഡലകാലം അടുത്തതിനാൽ നവംബർ 10 ന് മുമ്പ് ലേല നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇനി ഇ-ടെൻഡർ വിളിക്കാൻ സമയം തികയില്ല. അതിനാൽ ഓപ്പൺ ലേലമേ നടക്കൂ.

വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരം കണ്ട് ലേല വ്യവസ്ഥകൾ സുഗമമാക്കണമെന്ന് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി. സെക്രട്ടറി, സുനീർ ആവശ്യപ്പെട്ടു.