തിരുവല്ല: വള്ളംകുളത്ത് വളർത്തുനായയെ വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികൾ ഒളിവിൽ. വള്ളംകുളം നന്നൂർ പല്ലവിയിൽ അജിത് (40), സഹോദരൻ അനിൽ (35) എന്നിവരാണ് പ്രതികൾ. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. അജിത് റോഡിലൂടെ പോയപ്പോൾ വള്ളംകുളം ഐശ്വര്യ ഭവനിൽ സന്തോഷ് കുമാറിന്റെ വളർത്തുനായ കുരച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇയാൾ പ്രകോപിതനായി വീട്ടുമുറ്റത്ത് കയറി കാർപോർച്ചിൽ കിടന്ന നായയെ അടിച്ചു. തടയാനെത്തിയ സന്തോഷ് കുമാറിനെയും മർദ്ദിച്ചു. മടങ്ങിപ്പോയ അജിത് സഹോദരൻ അനിലുമായെത്തി വീണ്ടും ആക്രമണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് നായയ്ക്ക് വെട്ടേറ്റത്. മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്റെ കാർ, ടി.വി, വീട്ടുപകരണങ്ങൾ എന്നിവ നശിപ്പിച്ചതായും പരാതിയുണ്ട്. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് സി.ഐ കെ. ബൈജുകുമാർ പറഞ്ഞു. . മൃഗാവകാശ സമിതിയായ എസ്.പി.സി.എയും (സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്) സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.