image
സെൻട്രൽ ജംഗ്ഷനിലെ തകർന്ന് കിടക്കുന്ന റോഡ്. സമീപത്ത് നഗരസഭ ചെയർപേഴ്സന്റെ വാഹനവും കാണാം

പത്തനംതിട്ട : നഗരത്തിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. ഒരുകുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് എന്നതാണ് പതിവ്. അപകടങ്ങൾക്കും യാതൊരു കുറവുമില്ല. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്.

ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള ടി.കെ റോഡ് പൊട്ടിതകർന്നിട്ട് നാളുകളായി. പത്തനംതിട്ട ടൗണിലേക്ക് പ്രവേശിക്കുന്നതും ദീർഘദൂര ബസുകൾ അടക്കം യാത്ര ചെയ്യുന്ന റോഡുമാണിത്. സമീപമുള്ള ഓട നവീകരണം തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പൂർത്തിയായിട്ടില്ല.

സെൻട്രൽ ജംഗ്ഷനിൽ വലിയ കുഴി

സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി പ്രതിമയുടെ മുമ്പിലുള്ള റോഡിലും ഇത് തന്നെയാണ് അവസ്ഥ. നാല് ജംഗ്ഷനിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഈ കുഴിയിൽ കൂടിയാണ് കടന്നു പോകുന്നത്.

നിരന്തരം വാഹനം എത്തുന്ന സ്ഥലമായതിനാൽ ടാറും കോൺക്രീറ്റും ഇളകി മാറിയിയിട്ടുണ്ട്. വലിയ ഗർത്തത്തിലേക്ക് വാഹനം ചെന്ന് വീഴുന്നത്. റിംഗ് റോഡിന്റെയും സ്ഥിതിയും മോശമല്ല. റോഡിന്റെ മദ്ധ്യത്തിൽ തന്നെ ടാറിളകി കോൺക്രീറ്റ് ഒലിച്ചു പോയിട്ടുണ്ട്. അബാൻ ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിന്റെ ഭാഗത്ത് റോഡ് തകർന്ന് കിടക്കുകയാണ്. നഗരത്തിലെ ഉപറോഡുകളുടെ ഗതിയും ഇത് തന്നെ.കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

നഗരത്തിലെ റോഡിന്റെ നവീകരത്തിനായി എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. ശബരിമല മണ്ഡലകാലത്തിന് മുമ്പ് തന്നെ പണി പൂർത്തിയാകും. സെൻട്രൽ ജംഗ്ഷനിലടക്കം മിക്സ് ഇട്ട് കുഴി അടയ്ക്കാറുണ്ട്. പക്ഷേ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടുമ്പോൾ വീണ്ടും റോഡ് തകരും. റോഡ‌് തകർന്ന് നിലവിൽ നാല് തവണ കുഴിയടച്ചിട്ടുണ്ട്. പക്ഷേ വീണ്ടും പൈപ്പ് ലൈൻ തകരാറിലാകുകയാണ് ചെയ്യുക.

വി.വിനീത

(പി.ഡബ്യൂ.ഡി റോഡ് വിഭാഗം എ.ഇ)

-റോഡ് നിർമ്മാണം നടന്നത് 5 വർഷം മുമ്പ്

-ഗതാഗതക്കുരുക്ക് രൂക്ഷം

-ഇരുചക്രവാഹന യത്രികർ അപകടത്തിൽപെടുന്നത് പതിവ്