കൊടുമൺ : കൊടുമൺ പഞ്ചായത്തിൽ വീണ്ടും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു.അങ്ങാടിക്കൽ എസ്.എൻ.എൻ.വി ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ കൃഷി ചെയ്ത 50 മൂട് തെങ്ങിൻ തൈകൾ പൂർണമായും കൂട്ടത്തോടെ എത്തിയ കാട്ട് പന്നികൾ നശിപ്പിച്ചു. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എസ്.പി.സി.എൻ.എസ്.എസ് , എൻ.സി.സി, സ്കൗട്ട്ആൻഡ് ഗൈഡ്സ് , എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊടുമൺ കൃഷി ഭവന്റെ സഹകരണത്തോടെയാണ് കേര ഗ്രാമം പദ്ധതിയിലുൾപെടുത്തി തെങ്ങിൻ തൈകൾ നട്ടത്.സ്കൂളിന്റെ ഒരേക്കറോളം സ്ഥലത്തായാണ് കൃഷി ചെയ്തത്. 50,000 രൂപ ഇതിനോടകം ചെലവായിരുന്നു. വിദ്യാർത്ഥികളിൽ കാർഷിക അധ്വാനം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കൃഷി രീതികൾ സ്കൂളിൽ നടപ്പിലാക്കിയത്. കാട്ടുപന്നി ആക്രമണം രൂക്ഷമായതോടെ പരമ്പരാഗത കർഷകർ അടക്കം കൃഷി പാടെ ഉപേക്ഷിച്ച നിലയിലാണ്. പരാതിപെട്ടാലും നഷ്ടപരിഹാരം ലഭിക്കാറില്ലന്നും അക്ഷേപമുണ്ട്. പ്ലാന്റേഷൻ
കോർപ്പറേഷന്റെ കീഴിലുള്ള റബർ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റാത്തത് കാട്ടുപന്നികൾ പെറ്റ് പെരുകുവാൻ കാരണമാകുന്നുണ്ട്. ടിൻ ഷീറ്റുകൾ ഉൾപ്പെടെ വിതരണം ചെയ്ത് വേലികൾ സ്ഥാപിച്ചങ്കിലും ഫലപ്രദമായില്ല. സോളാർ വേലികൾ സ്ഥാപിച്ചത് പൂർണമായും തകർന്ന നിലയിലാണ്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു
കൊടുമൺ അങ്ങാടിക്കൽ വൃദ്ധയ്ക്ക് കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അങ്ങാടിക്കൽ ആറ്റുവാശേരി ഉതിമൂട്ടിൽ വീട്ടിൽ ജാനകിക്ക് (60) ആണ് പരിക്കേറ്റത്. പന്നിയുടെ കുത്തേറ്റ് പരിക്കേറ്റ ജാനകി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാസങ്ങൾക്കിടെ നിരവധിപേർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
50 മൂട് തെങ്ങിൻ തൈകൾ നശിപ്പിച്ചു