കോന്നി : ഉരുൾപൊട്ടലിന് സമാനമായ മലയിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായ കോന്നി പൊന്തനാംകുഴി ഐ.എച്ച്.ആർ.ഡി കോളനി വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് . നൂറ്രമ്പതോളം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. ഇന്നലെ സ്ഥലം സന്ദർശിച്ച ജിയോളജി, സോയിൽ കൺസർവേഷൻ, സോയിൽ സർവേ വകുപ്പുകളുടെ സംയുക്ത സമിതിയുടേതാണ് കണ്ടെത്തൽ.തിങ്കളാഴ്ച മലയിടിച്ചിലുണ്ടായ കോളനിയിൽ

ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സന്ദർശനം.

മണ്ണു സംരക്ഷണ കേന്ദ്രം ജില്ലാ ഓഫീസർ അരുൺ കുമാർ ചെയർമാനായ സമിതി ഇത് സംബന്ധിച്ച് ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. അപകട ഭീഷണി നേരിടുന്ന കൂടുതൽ കുടുംബങ്ങളെ വരും ദിവസങ്ങളിൽ ഒഴിപ്പിക്കും. ഇവർക്ക് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെ ഭീകരാവസ്ഥ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകും. ഇവരെ താത്കാലികമായി ക്യാമ്പുകളിൽ താമസിപ്പിക്കും. മഴ കുറഞ്ഞ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.

കോളനിയുടെ മുകളിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന രണ്ട് പടുകൂറ്റൻ പാറകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് സമിതി നിർദ്ദേശിച്ചു. പാറ അടർന്നുവീണാൽ നിരവധി വീടുകൾ തകരും.മരണത്തിന് വരെ കാരണമാകും. കോന്നി തഹസിൽദാർ കെ.എസ്. നസിയ, ഡെപ്യൂട്ടി തഹസിൽദാർമാരായ സജീവ് കുമാർ, അജി ഐപ്പ് ജോർജ്ജ്, വിജയകുമാർ, വില്ലേജ് ഓഫീസർ കെ. മധുസൂദനൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ ആർ. സുനിൽ കുമാർ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.ആനത്താവളത്തിന് എതിർവശം കോന്നി ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകളിലായാണ് പൊന്തനാംകുഴി ഐ.എച്ച്.ആർ.ഡി കോളനി

----------------

ദുരിതാശ്വാസ ക്യാമ്പിൽ 16 കുടുംബങ്ങൾ

കോളനിയിലെ 16 കുടുംബങ്ങളിലെ 104 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് . തുടർന്നും മലയിടിച്ചിൽ ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് നിരവധി കുടുംബങ്ങൾ ബന്ധുവീട്ടിലേക്കും മറ്റും താമസം മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ ജനങ്ങൾ ആശങ്കയിലാണ്. സ്ഥലത്ത് റവന്യൂ, ദുരന്ത നിവാരണ അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. 150 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നേരത്തെയും മലയിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അന്ന് കാര്യമായ പഠനങ്ങളോ പരിശോധനകളോ അധികൃതർ നടത്തിയില്ല.