ku-janeesh-kumar

കോന്നിയുടെ ആകാശത്ത് ചെന്താരകം. 23 വർഷം തകരാതെ നിന്ന യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീഴ്ത്തിയ മലയോര മനസ് എൽ.ഡി.എഫിനോടു ചേർന്നുനിന്ന് ചെങ്കൊടിയുയർത്തിയപ്പോൾ നായകപരിവേഷം കെ.യു. ജനീഷ് കുമാറിന്.

സീതത്തോട്ടിലെ കർഷക കുടുംബത്തിൽ പിറന്ന ജനീഷ് കുമാർ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ ആവേശമാണ്. മികച്ച സംഘാടകനും പ്രസംഗകനുമായ ജനീഷ് കുമാർ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കെ സമര, സേവന മേഖലകളിൽ സംഘടനയെ നയിച്ചു. ഡി.വൈ.എഫ്.എെ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗവുമായിരിക്കെയാണ് കോന്നി ഉപതിരഞ്ഞെടുപ്പിൽ നിയമഭയിലേക്കുള്ള കന്നിയങ്കത്തിന് കുറി വീണത്.

എതിരാളികളുടെ കോട്ടകൾ തകർക്കാൻ കരുത്തുളള യുവ സഖാവിനായുളള പാർട്ടിയുടെ അന്വേഷണം ജനീഷ് കുമാറിലെത്തുകയായിരുന്നു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സീതത്തോട്ടിൽ കോൺഗ്രസിന്റെ കുത്തക വാർഡ് ചുവപ്പിച്ച ജനീഷ് കുമാറിന് സ്വന്തം നാട്ടിലും യുവാക്കളിലും ലഭിച്ച സ്വീകാര്യത തിരിച്ചറിഞ്ഞാണ് പാർട്ടി വലിയ നിയോഗമേൽപ്പിച്ചത്.

എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾക്കൊപ്പം യുവനേതാവെന്ന നിലയിൽ ജനീഷ് മുൻകൈയെടുത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടപ്പാക്കിയ സൗജന്യ ഉച്ചഭക്ഷണ വിതരണവും രക്തദാന സേനയുടെ പ്രവർത്തനവും ഉയർത്തിക്കാട്ടിയായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണം. അത് വോട്ടർമാർ തിരിച്ചറിഞ്ഞു.

സീതത്തോട്ടിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ പരേതനായ പി.എ ഉത്തമന്റെ മകനാണ് മുപ്പത്തിയഞ്ചുകാരനായ ജനീഷ് കുമാർ. സജീവ പാർട്ടി പ്രവർത്തകയായ വിജയമ്മയാണ് മാതാവ്. സീതത്തോട് കെ.ആർ.പി.എം എച്ച്.എസ്.എസിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി സംഘടനാ പ്രവർത്തനത്തിന് തുടക്കം. പിന്നീട്, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ... റാന്നി സെന്റ് തോമസ് കാേളേജ് യൂണിയൻ ചെയർമാനും കൗൺസിലറും എം.ജി സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. സി.പി.എം സീതത്തോട് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽ.എൽ.ബിയും നേടിയ ജനീഷ് കുമാർ പത്തനംതിട്ട കോടതിയിലെ അഭിഭാഷകനാണ്. ഭാര്യ അനുമോൾ സീതത്തോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി. മക്കൾ: നൃപൻ കെ.ജനീഷ്, ആസിഫ അനു ജനീഷ്.