ചെങ്കനലായി കോന്നി
പത്തനംതിട്ട: പാലാക്കാറ്റ് കോന്നിയിൽ കൊടുങ്കാറ്റായി. 23വർഷം കുലുങ്ങാതിരുന്ന യു.ഡി.എഫ് കോട്ട തകർത്ത് കോന്നിയിൽ എൽ.ഡി.എഫ് ചെങ്കൊടിയുയർത്തി. മൈലപ്രയൊഴികെയുളള എല്ലാ പഞ്ചായത്തിലും ലീഡ് നേടിയാണ് കെ.യു.ജനീഷ് കുമാർ മുന്നേറിയത്. യു.ഡി.എഫ് കോട്ടകളായ കോന്നി, പ്രമാടം, തണ്ണിത്തോട്, അരുവാപ്പുലം, വളളിക്കോട് പഞ്ചായത്തുകളിലും ലീഡ് നേടിയാണ് ജനീഷ് കുമാർ തിളക്കമാർന്ന വിജയത്തിലേക്ക് കുതിച്ചത്. എൽ.ഡി.എഫ് പഞ്ചായത്തുകളായ സീതത്തോട്, ചിറ്റാർ, കലഞ്ഞൂർ എന്നിവിടങ്ങളിൽ ലീഡ് നിലനിറുത്തുകയും ചെയ്തു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മൈലപ്രയിൽ നേടിയ ലീഡ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസമുണർത്തിയെങ്കിലും മറ്റ് പഞ്ചായത്തുകളിൽ ഭൂരിപക്ഷം ലഭിക്കാതിരുന്നത് നിരാശ പടർത്തി. പടിപടിയായി ലീഡുയർത്തി ജനീഷ് കുമാർ ആധികാരിക വിജയം നേടുകയായിരുന്നു. ഒരു ഘട്ടത്തിലും ജനീഷ് കുമാറിന് വെല്ലുവളിയാകാൻ മോഹൻരാജിന് കഴിഞ്ഞില്ല.
യു.ഡി.എഫിന് നഷ്ടപ്പെട്ടത് 28,654 വോട്ടുകൾ
2016 നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളിൽ നിന്ന് 28,654 വോട്ടുകളുടെ കുറവാണ് യു.ഡി.എഫിനുള്ളത്. എൽ.ഡി.എഫ് 2047 വോട്ടുകൾ വർദ്ധിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ 5521 ന്റെ കുറവ് യു.ഡി.എഫിനുണ്ടായി. എൽ.ഡി.എഫിന് 7153 വോട്ടുകൾ വർദ്ധിച്ചു. ബി.ജെ.പിക്ക് 6780 വോട്ടുകൾ കുറഞ്ഞു.