udf
UDF

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ തിരിച്ചടി നൽകിയത് കോൺഗ്രസിലെ കാലുവരലും ഇടത്, വലത് മുന്നണികളെ സഹായിക്കേണ്ടെന്ന ഒാർത്തഡോക്സ് സഭാ നിലപാടുമാണെന്ന് വിലയിരുത്തൽ. മൈലപ്ര, പ്രമാടം, കോന്നി പോലുളള യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച യു.ഡി.എഫിനെ ഞെട്ടിച്ചു.

ഒാർത്തഡോക്സ് സഭാ വോട്ടുകൾ നിർണായകമായ മൈലപ്ര പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. ഇവിടെ 1500ൽ കുറയാത്ത ലീഡാണ് യു.ഡി.എഫ് കണക്ക് കൂട്ടിയത്. എന്നാൽ, 540 വോട്ടിന്റെ മാത്രം ലീഡാണ് പി. മോഹൻരാജിന് ലഭിച്ചത്. സഭാ മേലദ്ധ്യക്ഷന്റെ ആഹ്വാനത്തെ തുടർന്ന് കോൺഗ്രസിലെ വലിയ വിഭാഗം ഇവിടെ വോട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. മണ്ഡലത്തിൽ പോളിംഗ് ശതമാനം ഏറ്റവും കുറഞ്ഞത് മൈലപ്ര പഞ്ചായത്തിലായിരുന്നു.

സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ അടൂർ പ്രകാശ് നേതൃത്വവുമായി ഇടഞ്ഞത് കൂടുതൽ പ്രതിഫലിച്ചത് പ്രമാടം പഞ്ചായത്തിലാണ്. അടൂർ പ്രകാശ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച റോബിൻ പീറ്ററാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്. പ്രമാടത്ത് 402 വോട്ടിന്റെ ലീഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ്‌കുമാർ നേടി. വോട്ടെടുപ്പിന് ശേഷം എൽ.ഡി.എഫ് നടത്തിയ വിലയിരുത്തലിൽ പ്രമാടത്ത് അവർ ലീഡ് പ്രതീക്ഷിച്ചിരുന്നില്ല.

പഞ്ചായത്തിൽ ആകെയുളള 29 ബൂത്തുകളിൽ എൽ.ഡി.എഫ് 14 ഇടത്ത് മുന്നിലെത്തി. എൻ.ഡി.എ എട്ടിടത്ത് ഭൂരിപക്ഷം നേടി. എന്നാൽ, യു.ഡി.എഫിന് ഏഴ് ബൂത്തുകളിൽ മാത്രമാണ് ലീഡ്. യു.ഡി.എഫ് ഭരിക്കുന്ന തണ്ണിത്തോട്, ചിറ്റാർ, വള്ളിക്കോട്, അരുവാപ്പുലം പഞ്ചായത്തുകളിലും വൻ വോട്ട് ചോർച്ചയുണ്ടായി.